- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ഈ മാസം മൂന്നുകുട്ടികൾക്കും 15മുതിർന്നവർക്കും കുഷ്ഠരോഗം സ്ഥിരീകരിച്ചു; ഈ വർഷം ഒമ്പത് കുട്ടികളും 38 മുതിർന്ന വ്യക്തികളും രോഗ ബാധിതരായി
മലപ്പുറം: മലപ്പുറം ജില്ലയിൽ ഈ മാസം മൂന്ന് കുട്ടികൾക്കും 15 മുതിർന്ന വ്യക്തികൾക്കും കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഇതോട് കൂടി ഈ വർഷം ഒമ്പത് കുട്ടികളും 38 മുതിർന്ന വ്യക്തികളും രോഗബാധിതരായി. എല്ലാവരും തന്നെ കുഷ്ഠരോഗത്തിനെതിരെയുള്ള വിവിധൗഷധ ചികിത്സയിലാണ്.
2023 സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെ ആണ് ആയിരുന്നു ജില്ലയിൽ ബാല മിത്ര 2.0 ക്യാമ്പയിൻ നടപ്പിലാക്കുന്നത്. കുട്ടികളിൽ ഉണ്ടാകുന്ന കുഷ്ഠരോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ നടത്തുന്നതിനുമുള്ള പരിപാടിയാണ് ബാല മിത്ര. സ്കൂൾ അദ്ധ്യാപകർ, അംഗൻവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകി ഇവർ വഴി കുട്ടികളെ സ്ക്രീനിങ് പരിശോധനകൾ നടത്തുകയും കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടാൽ സൗജന്യമായി വിദഗ്ധ ചികിത്സ നൽകുകയും ചെയ്യുക എന്നതാണ് ബാലമിത്ര പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ ക്യാമ്പയിൻ വഴിയാണ് ജില്ലയിൽ പുതിയ കുഷ്ഠരോഗികളുണ്ടെന്ന് കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയാൽ വിവിധൗഷധ ചികിത്സ വഴി പൂർണമായും ഭേദമാക്കാവുന്ന അസുഖമാണ് കുഷ്ഠരോഗം.
സ്കൂളുകളിലും അംഗൻവാടികളിലും കൃത്യമായ ബോധവൽക്കരണ ക്യാമ്പയിൻ നടത്തിയതിന്റെ ഫലമായി വിദ്യാർത്ഥികളും അദ്ധ്യാപകരും വഴി രക്ഷിതാക്കളിലേക്ക് കൃത്യമായ സന്ദേശങ്ങൾ എത്തുകയും എല്ലാവരും കുഷ്ഠരോഗ പ്രതിരോധത്തെ കുറിച്ച് ബോധവാന്മാരാകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളിലും കുട്ടികളിലും ശാസ്ത്രീയമായി തന്നെ പരിശോധന നടത്തുകയും അതുകൊണ്ടുതന്നെ പുതിയ കുഷ്ഠരോഗികളെ ജില്ലയിൽ കണ്ടെത്തുകയും ചെയ്യുകയാണ് ഉണ്ടായത്.
ഐക്യരാഷ്ട്രസഭ സഭയുടെ നിർദ്ദേശപ്രകാരം 2030 ഓടുകൂടി ലോകത്തിൽ നിന്നും നിർമ്മാർജ്ജനം ചെയ്യേണ്ട രോഗങ്ങളിൽ ഒന്നാണ് കുഷ്ഠരോഗം. എന്താണ് കുഷ്ഠരോഗം: മൈക്കോബാക്ടീരിയം ലെപ്രേ എന്ന ഇനത്തിൽ പെട്ട ബാക്ടീരിയകൾ വഴി ഉണ്ടാകുന്ന ഒരു രോഗമാണ് കുഷ്ഠം.
രോഗ ലക്ഷണങ്ങൾ:
മുഖ്യമായും ശ്വാസനാളത്തിന്റെ മേൽഭാഗത്തെ ഉപരിതലനാഡികളേയും ശ്ലേഷ്മപടലത്തേയും ബാധിക്കുന്ന കുഷ്ഠത്തിന്റെ പ്രധാന ബാഹ്യലക്ഷണം ചർമ്മത്തിലെ ക്ഷതങ്ങളാണ്. ചികിത്സ ചെയ്യാതിരുന്നാൽ ഈ രോഗം ക്രമേണ വഷളായി, ചർമ്മത്തിനും നാഡികൾക്കും, അവയവങ്ങൾക്കും, കണ്ണ് ഉൾപ്പെടെയുള്ള ഇന്ദ്രിയങ്ങൾക്കും സ്ഥായിയായ കേടു വരുത്താനിടയുണ്ട്. എങ്കിലും പൊതുവേ വിശ്വസിക്കപ്പെടുന്നതു പോലെ, ശരീരഭാഗങ്ങൾ ഈ രോഗത്തിന്റെ മാത്രം ഫലമായി അടർന്നു പോകാറില്ല; എന്നാൽ ദ്വിതീയമായ അണുബാധയിൽ അവയവങ്ങൾക്ക് ക്ഷതം പറ്റുകയോ ചേതന നഷ്ടപ്പെടുകയോ ചെയ്യാം. കുഷ്ഠബാധ ശരീരത്തിന്റെ പ്രതിരോധശക്തിയെ ദുർബ്ബലപ്പെടുത്തുന്നതു മൂലമാണ് ഇതു സംഭവിക്കുന്നത്. ഈ ദ്വിതീയബാധകളിൽ അവയവങ്ങൾ ക്ഷയിക്കുകയോ, വികൃതമാവുകയോ, അസ്ഥികൾ ആഗിരണം ചെയ്യപ്പെട്ട് ചെറുതാവുകയോ ചെയ്യാം.
നമ്മുടെ തൊലിപ്പുറത്തുള്ള നിറം മങ്ങിയ ചുവപ്പു നിറമുള്ളതും ആയ സ്പർശനശേഷി കുറഞ്ഞ പാടുകൾ, തടിപ്പുകൾ, ചൊറിച്ചിൽ ഇല്ലാത്ത പാടുകൾ, തടിച്ചതും തിളക്കം ഉള്ളതും ആയ ചർമം, ശരീരത്തിലെ പുതിയ നിറവ്യത്യാസങ്ങൾ, ചെവിയിലെ തടിപ്പുകൾ, നാഡികൾക്ക് വേദനയും തടിപ്പും, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ് എന്നിവ കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങളായേക്കാം. ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും ഇവ കുഷ്ഠരോഗം അല്ല എന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതുവഴി കുഷ്ഠരോഗത്തെ നേരത്തെ കണ്ടെത്തി പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ചികിത്സിച്ചാൽ പൂർണമായും ഭേദമാകുന്ന അസുഖമായതുകൊണ്ട് തന്നെ കുഷ്ഠരോഗികളോട് വിവേചനം കാണിക്കുകയോ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുകയോ ചെയ്യരുത്. കുഷ്ഠരോഗം ഇപ്പോഴും നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഒരു അസുഖമാണ്. ഇപ്പോഴും പുതിയ രോഗികളെ കണ്ടെത്തുന്നുണ്ട്. കുഷ്ഠരോഗത്തെ പ്രതിരോധിക്കാൻ കഴിയില്ല എങ്കിലും നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒരു രോഗമാണ്. ഇത് വഴി അംഗവൈകല്യം സംഭവിക്കുന്നത് നമുക്ക് തടയാൻ കഴിയും.
ഇത്തരത്തിലുള്ള വിവിധൗഷധ ചികിത്സയാണ് കുഷ്ഠരോഗത്തിനായി ചെയ്യുന്നത്. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും കുഷ്ഠരോഗ പരിശോധനയും ചികിത്സയും സൗജന്യമാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്