- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോട്ടർ വാഹന വകുപ്പ് നൽകാനുള്ളത് 2.84 കോടി രൂപയുടെ കുടിശ്ശിക; ആർസി, ഡ്രൈവിങ് ലൈസൻസുകളുടെ വിതരണം നിർത്തിവെച്ച് തപാൽ വകുപ്പ്
കാക്കനാട്: സംസ്ഥാനത്തെ വാഹന റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെയും (ആർസി) ഡ്രൈവിങ് ലൈസൻസുകളുടെയും വിതരണം തപാൽ വകുപ്പ് നിർത്തിവച്ചു. കുടിശ്ശിക ഇനത്തിൽ നൽകാനുള്ള 2.84 കോടി രൂപ മോട്ടോർ വാഹന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ തപാൽ നീക്കം നിർത്തിവെച്ചത്. കുടിശ്ശിക തുക നൽകാതെ മോട്ടോർ വാഹന വകുപ്പിന്റെ തപാലുകൾ സ്വീകരിക്കില്ലെന്ന് അറിയിച്ചതോടെ ഇന്നലെ മുതൽ ആർസി ബുക്ക്, ലൈസൻസുകളുടെ നീക്കം നടക്കുന്നില്ല.
ഇന്നലെ മാത്രം പതിനയ്യായിരത്തോളം ആർസിയും ലൈസൻസും വിതരണത്തിന് എത്തിച്ചിരുന്നു. എന്നാൽ ഇവയൊന്നും തപാൽ വകുപ്പ് വിതരണത്തിനായി എറ്റെടുത്തിട്ടില്ല. ജൂലൈ മുതൽ സെപ്റ്റംബർ വരെ ലൈസൻസ് മേൽവിലാസക്കാർക്ക് എത്തിച്ച വകയിലാണു മോട്ടോർ വാഹന വകുപ്പ് കോടികൾ തപാൽ വകുപ്പിന് നൽകാനുള്ളത്. കഴിഞ്ഞ മാസത്തെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തപാൽ വകുപ്പ് റീജനൽ ട്രാൻസ്‌പോർട്ട് (ആർടി) ഓഫിസർക്കു നൽകിയ കത്തിലുണ്ട്.
ഓരോ ദിവസവും അച്ചടിക്കുന്ന ലൈസൻസുഖും ആർസിയും തപാൽ വകുപ്പു ശേഖരിച്ച് പിറ്റേന്നുതന്നെ ബന്ധപ്പെട്ട വിലാസത്തിൽ സ്പീഡ് പോസ്റ്റിൽ എത്തിക്കുകയാണു ചെയ്തിരുന്നത്. നടപടികൾ പൂർത്തിയായ ആർസിയും ലൈസൻസും തപാലിൽ അയച്ചെന്ന സന്ദേശം മൊബൈൽ ഫോണിൽ ലഭിച്ചാലും ഇന്നു മുതൽ ഇവ വീട്ടിലെത്തില്ല. കുടിശിക അടയ്ക്കാൻ ഗതാഗത കമ്മിഷണറേറ്റിൽ തിരക്കിട്ട ചർച്ച നടക്കുന്നുണ്ട്. അച്ചടിക്കു സാങ്കേതികസഹായം നൽകുന്ന പാലക്കാട് ഐടിഐക്കും മോട്ടർ വാഹന വകുപ്പ് കോടികൾ നൽകാനുണ്ട്.



