- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്നവരയിൽ കാട്ടുപോത്തിന്റെ ആക്രമണം; വയോധികന് ഗുരുതര പരിക്ക്
മറയൂർ: ചിന്നവരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റു. മറയൂർ ചിന്നവര സ്വദേശി കെ.ഗാന്ധിക്കാണ് (62) പരിക്കേറ്റത്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വീടിന് സമീപമുള്ള സ്വന്തം കൃഷിയിടത്തിൽ ജോലിചെയ്തുകൊണ്ടിരുന്നപ്പോഴാണ് സംഭവം. പിന്നിൽനിന്നു വന്ന കാട്ടുപോത്ത് ഗാന്ധിയെ കുത്തിയെറിഞ്ഞശേഷം കടന്നുപോയി. ഇയാളുടെ ഇടതുകൈയ്ക്കാണ് പരിക്കേറ്റത്. ഗാന്ധിയെ മറയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സനല്‍കി.
മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപാ അരുൾജ്യോതി, വൈസ് പ്രസിഡന്റ് ജോമോൻ തോമസ്, മറയൂർ ഡി.എഫ്.ഒ. എം.ജി.വിനോദ്കുമാർ, റെയ്ഞ്ച് ഓഫീസർമാരായ രഘുലാൽ, അബ്ജു കെ.അരുൺ എന്നിവർ സ്ഥലത്തെത്തി. വനം വകുപ്പിന്റെ നേതൃത്വത്തിൽ ഗാന്ധിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഗാന്ധിയെ ആക്രമിച്ചത് മുൻപ് പള്ളനാട്ടിൽ ഒരാളെ ആക്രമിച്ചു കൊല്ലുകയും വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം നിരവധി പേരെ പരിക്കേൽപ്പിക്കുകയുംചെയ്ത കാട്ടുപോത്ത് തന്നെയാണെന്ന് ചിന്നവര ഗ്രാമവാസികൾ പറയുന്നു. കനാലിന്റെ വരമ്പിലൂടെ മൂന്നടി പാത മാത്രമാണ് ചിന്നവര ഗ്രാമത്തിലേക്കുള്ളത്. ഒരു ഭാഗത്തുകൊക്കയായതിനാൽ കാട്ടുപോത്തുകൾ വന്നാൽ മാറുവാൻ സ്ഥലമില്ല. അൻപതിലധികം കാട്ടുപോത്തുകൾ ഈ മേഖലയിൽ സ്ഥിരമായി എത്തുന്നുണ്ട്. വൻ കൃഷിനാശമാണ് ഇവ ചെയ്തുവരുന്നത്.