- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടയം നൽകുന്നത് വേഗത്തിലാക്കാൻ പ്രത്യേക സെൽ; വിദഗ്ധരായ ഉദ്യോഗസ്ഥരെ നിയോഗിക്കും
തിരുവനന്തപുരം: അർഹരായവർക്ക് റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ പട്ടയം നൽകുന്നത് വേഗത്തിലാക്കാൻ ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ പ്രത്യേക സെൽ രൂപീകരിക്കുന്നു. പട്ടയ മിഷന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ രേഖകളും ഉത്തരവുകളും തയാറാക്കുക, നിയമപരമായ സംശയങ്ങൾക്കു മറുപടി നൽകുക, മുൻകാല ഉത്തരവുകളുടെ പരിശോധന എന്നിവയാണു പ്രധാന ചുമതലകൾ.
ലാൻഡ് റവന്യു കമ്മിഷണർ എ.കൗശികൻ നേതൃത്വം നൽകുന്ന സെല്ലിന്റെ ദൈനംദിന ചുമതലകളും നടത്തിപ്പും ഒരു അസി. കമ്മിഷണറുടെ മേൽനോട്ടത്തിലായിരിക്കും. ഒരു സംഘം വിദഗ്ധരായ ഉദ്യോഗസ്ഥരെയും സെല്ലിൽ നിയോഗിക്കും.
പട്ടയ മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ മേയിൽ കോട്ടയത്തു നടന്നെങ്കിലും പ്രവർത്തനങ്ങളിലേക്കു കടക്കുക സെൽ നിലവിൽ വരുന്നതോടെയാകും. സംസ്ഥാന, ജില്ല, താലൂക്ക്, വില്ലേജ് തലങ്ങളിൽ ദൗത്യസംഘങ്ങളെ നിയോഗിച്ചു കൊണ്ടാണു പട്ടയ മിഷൻ പ്രവർത്തനം ഉദ്ദേശിക്കുന്നത്.
ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് പട്ടയ അസംബ്ലികളും ജില്ലാതലങ്ങളിൽ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പട്ടയ പരിഹാര അദാലത്തുകളും മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഈ സർക്കാരിന്റെ കാലത്ത് 1.30 ലക്ഷം പട്ടയം നൽകിയതായാണ് റവന്യു വകുപ്പിന്റെ കണക്ക്.
അടുത്ത 3 വർഷം കൊണ്ട് ഇതു 4 ലക്ഷമായി വർധിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. അതിനിടെ, കേന്ദ്ര വനസംരക്ഷണ നിയമത്തിലുണ്ടായ ഭേദഗതി, കൂടുതൽ പട്ടയങ്ങൾ അനുവദിക്കാൻ സർക്കാരിന് അനുകൂല സാഹചര്യവും ഒരുക്കുന്നുണ്ട്. ഭേദഗതി ഡിസംബർ ഒന്നു മുതലാണു പ്രാബല്യത്തിലാകുക.
മറുനാടന് മലയാളി ബ്യൂറോ