തിരുവനന്തപുരം: പൂജപ്പുര ജയിലിൽ ഉദ്യോഗസ്ഥൻ തടവുകാരന്റെ ശരീരത്തിൽ തിളച്ചവെള്ളമൊഴിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് 15ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡിഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ഉത്തരവിട്ടു.

നാലുമാസമായി ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ലിയോൺ ജോൺസൺ പ്രഭാതഭക്ഷണത്തിൽ മുടി കണ്ടതിനെ ചോദ്യം ചെയ്തപ്പോൾ ജയിൽ ഉദ്യോഗസ്ഥൻ തിളച്ച വെള്ളമൊഴിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ 10നാണ് സംഭവം. സാരമായി പൊള്ളലേറ്റ ലിയോൺ ജയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സുഹൃത്ത് സമർപ്പിച്ച പരാതിയിൽ പറയുന്നു. ഡിസംബർ 11ന് കമ്മിഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.