പാലക്കാട്: എൽ.ഡി.എഫിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചിട്ടുമില്ലെന്നും അവർ യു.ഡി.എഫിൽനിന്ന് മാറാൻ തീരുമാനിച്ചിട്ടുമില്ലെന്നും സിപിഎം നേതാവ് എ.കെ ബാലൻ. എന്നാൽ നയപരമായി ലീഗിന് അധികനാൾ യു.ഡി.എഫിൽ തുടരാൻ കഴിയില്ലെന്നും മനസ്സ് എൽ.ഡി.എഫിനൊപ്പവും ശരീരം യുഡിഎഫിനൊപ്പവും എന്ന നിലയിലാണ് ലീഗുള്ളതെന്നും ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഞങ്ങൾ അവരെ എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടേയില്ല. അവർ യുഡിഎഫിൽനിന്നും മാറാനും തീരുമാനിച്ചിട്ടില്ല. എന്നാൽ കോൺഗ്രസിന്റെ ഇന്നത്തെ ഈ സമീപനത്തോട് യോജിച്ചുകൊണ്ട് അധികകാലം ലീഗിന് മുന്നോട്ടുപോകാനാകില്ല. മനസ്സ് എൽ.ഡി.എഫിനൊപ്പവും ശരീരം യു.ഡിഎഫി.നൊപ്പവും എന്ന നിലയിലാണ് ലീഗുള്ളത്. അതിന്റെ അർഥം അവർ എൽ.ഡി.എഫിലേക്ക് വരുന്നു എന്നതല്ല. നയപരമായി അവർക്ക് അധികകാലം അവിടെ യോജിച്ചുപോകാൻ കഴിയില്ല. അത് ലീഗിന്റെ സംഘടനാ രംഗത്തും പ്രശ്നങ്ങളുണ്ടാക്കും', ബാലൻ പറഞ്ഞു.

'നവകേരള സദസ്സ് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും യു.ഡി.എഫിലെ ചില നേതാക്കൾക്ക് നല്ല ടെൻഷനായിരിക്കും. പലർക്കും രോഗം ബാധിച്ച് ആശുപത്രിയിലാകുന്ന സ്ഥിതിയാണ് ഇപ്പോൾ കാണുന്നത്. ലീഗ് നേതാവായ എൻ.എ അബൂബക്കർ ഹാജി മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടത് എല്ലാവരും കണ്ടല്ലോ. ലീഗ് എംഎ‍ൽഎയായ അബ്ദുൾ ഹമീദ് കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡ് മെമ്പറുമായി. കേരളീയം പരിപാടിയിൽ തിരുവനന്തപുരത്ത് യു.ഡി.എഫിലേയും ബിജെപിയിലേക്ക് അണികൾ ഒഴുകിയെത്തി. ഒ. രാജഗോപാൽ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് കക്ഷിരാഷ്ട്രീയത്തിന് അധീതമായി കേരള ജനതയും യു.ഡി.എഫിലെ ചില നേതാക്കളും എൽ.ഡി.എഫിനൊപ്പം നിൽക്കുന്നു എന്നതാണ്', ബാലൻ പറഞ്ഞു.