കണ്ണൂർ: കണ്ണൂരിലെ മാടായിപ്പാറയിൽ നവകേരള സദസ്സിനിടെ മന്ത്രിയോട് ചോദ്യമുന്നയിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്ത്രി കെ. രാധാകൃഷ്ണൻ സംസാരിക്കുന്നതിനിടെയാണ് സംഭവം.

വേദിയുടെ മുൻഭാഗത്ത് ക്ഷണിക്കപ്പെട്ട അതിഥികൾക്കായി തയ്യാറാക്കിയ സ്ഥലത്തിരുന്ന ഇയാൾ മന്ത്രി സംസാരിക്കുന്നതിനിടെ ഏഴുന്നേറ്റുനിന്ന് ചോദ്യമുന്നയിക്കുകയും ബഹളംവെക്കുകയായിരുന്നു. താൻ അവശ്യപ്പെട്ട കാര്യം മന്ത്രി നടപ്പിലാക്കി തന്നില്ല എന്നതായിരുന്നു ഇയാൾ പരാതിയായി ഉന്നയിച്ചത്.

എന്നെ ഓർമ്മയുണ്ടോ എന്നടക്കം മന്ത്രിയോട് സദസ്സിൽനിന്ന് ഇയാൾ ചോദിച്ചു. ഉടൻതന്നെ പൊലീസ് ഇടപെട്ട് ഇയാളെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. എത്രയും വേഗം പരാതിയെല്ലാം പരിഹരിക്കാമെന്ന് മന്ത്രി തന്നെ മൈക്കിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കസ്റ്റഡിയിലെടുത്ത ഇയാളെ നിലവിൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം ഇയാൾ എന്ത് ആവശ്യമാണ് മുമ്പ് മന്ത്രിയോട് ഉന്നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.