കോഴിക്കോട്: മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ ഹുസൈൻ നവകേരള സദസിൽ പങ്കെടുത്തതിൽ പാർട്ടി വിശദീകരണം തേടിയേക്കും. കോഴിക്കോട് ഓമശ്ശേരിയിലെ പ്രഭാത യോഗത്തിൽ യു.കെ ഹുസൈൻ പങ്കെടുത്തിരുന്നു. അതേസമയം, സംഭവം പുറത്തുവന്നതോടെ ഹുസൈനോട് പാർട്ടി വിശദീകരണം തേടിയേക്കുമെന്നാണ് റിപ്പോർട്ട്. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ്, ലീഗ് നേതാക്കൾ നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുത്തതായി പുറത്ത് വന്നിരുന്നു.

കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കോൺഗ്രസ് നേതാവായ എൻ. അബൂബക്കർ, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി, മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ ഹുസൈൻ എന്നിവരാണ് ഓമശ്ശേരിയിൽ യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസ് പെരുവയൽ മണ്ഡലം മുൻ പ്രസിഡന്റ് കൂടിയാണ് എൻ. അബൂബക്കർ. ലീഗ് പ്രദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡണ്ടുമാണ് മൊയ്തു മുട്ടായി. ചുരത്തിലെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടുത്താനാണ് യോഗത്തിനെത്തിയതെന്ന് മൊയ്തു പ്രതികരിച്ചു.

കളമശേരി കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കോഴിക്കോട്ടെ നവകേരള സദസിന്റെ മൂന്നാം ദിവസമായ ഇന്ന് സാംസ്‌കാരിക പരിപാടികൾ ഒഴിവാക്കിയാണ് നടത്തുന്നത്. രാവിലെ ഒൻപത് മണിക്കാണ് ഓമശ്ശേരി അമ്പലക്കണ്ടി സ്‌നേഹതീരം കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗം ചേർന്നത്. പ്രഭാത യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും ഇന്ന് ഉണ്ടായില്ല.

കളമശേരി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വാർത്താസമ്മേളനം ഒഴിവാക്കിയത്. യോഗം നടന്ന വേദിക്ക് മുന്നിൽ പ്രതിഷേധിച്ച മൂന്ന് കെ എസ്. യു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂർ, കുന്ദമംഗലം മണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിതാക്കളാണ് പ്രഭാത യോഗത്തിൽ പങ്കെടുത്തത്.