- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടകർക്ക് സഹായത്തിന് പൊലീസ് ഹെൽപ് ലൈൻ നമ്പർ
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് വിവിധ ആവശ്യങ്ങൾക്കും സംശയ നിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പൊലീസ് ഹെൽപ്ലൈൻ നമ്പർ പ്രവർത്തന സജ്ജമായി. 14432 ആണ് നമ്പർ. 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വി. അജിത് അറിയിച്ചു.
മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്കും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും വിവിധ ഭാഷകളിൽ മറുപടി ലഭ്യമാക്കാനുതകും വിധം പമ്പ പൊലീസ് കൺട്രോൾ റൂമിലാണ് ഹെൽപ്ലൈൻ നമ്പർ സജ്ജമാക്കിയിരിക്കുന്നത്. 2016-17 സീസൺ മുതലാണ് ഈ സൗകര്യം ലഭ്യമാക്കി തുടങ്ങിയത്.
നമ്പറിന്റെ കൺട്രോൾ റൂം പ്രവർത്തനത്തിനായി ഒരു എസ്ഐയുടെ നേതൃത്വത്തിൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാവുന്ന പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് എത്തിച്ചേരുന്ന വിവിധ പാതകളിൽ ഭക്തർക്ക് കാണാവുന്ന തരത്തിൽ നമ്പർ സ്റ്റിക്കർ രൂപത്തിൽ സ്ഥാപിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളിലും പതിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും മറ്റു ഭാഷകൾ അറിയാത്തവർക്കും വിവിധ വിവരങ്ങൾ തിരക്കിയറിയുന്നതിനും, പരിഹാരങ്ങൾക്കും ഏറെ പ്രയോജനകരമാണ് ഹെൽപ്ലൈൻ നമ്പർ.
വെർച്വൽ ക്യൂ സംബന്ധിച്ച അന്വേഷണം, പാർക്കിങ്, ദർശനം തിരക്ക് എന്നിവ സംബന്ധിച്ച അന്വേഷണം, പൂജാ സമയങ്ങൾ, വാഹനങ്ങളുടെ വർക്ക് ഷോപ്പുകൾ, കൂടെ വന്നവരെ കാണാതാകുക, അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ