മുംബൈ: അഗ്‌നിവീറിൽ ജോലി നേടിയ മലയാളി യുവതിയെ നാവികസേനാ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാവികസേനയിൽ അഗ്‌നിവീർ വിഭാഗത്തിൽ പരിശീലനം നടത്തുകയായിരുന്ന അടൂർ സ്വദേശിനി അപർണ വി.നായരെ (20)യാണ് മലാഡിലെ സേനാ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചു മാസം മുൻപാണ് അഗ്‌നിവീറിൽ ജോലി നേടിയത്. അപർണയുടെ മരണ കാരണം വ്യക്തമല്ല.

പള്ളിക്കൽ തോട്ടുവ ഉദയമംഗലത്തിൽ ശാന്തകുമാരൻ നായരുടെയും വിമലകുമാരിയുടെയും മകളാണ്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ ജീവനൊടുക്കിയതാണെന്നു കരുതുന്നതായും നാവികസേനാ കേന്ദ്രങ്ങൾ പറഞ്ഞു. ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി 15 ദിവസം മുൻപാണ് അപർണ മുംബൈയിലെത്തി ലോജിസ്റ്റിക്‌സ് വിഭാഗത്തിൽ ചേർന്നത്.

അപകടമരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ അവതരിപ്പിച്ച അഗ്‌നിപഥ് പദ്ധതിക്കു കീഴിൽ റിക്രൂട്ട് ചെയ്യപ്പെടുന്നവരാണ് അഗ്‌നിവീർ വിഭാഗത്തിൽ വരുന്നത്. 6 മാസ പരിശീലനമടക്കം 4 വർഷത്തേക്കാണു നിയമനം.