അരൂർ: ജലവിതരണ പൈപ്പാണെന്നു കരുതി വൈദ്യുതി കേബിൾ കടന്നുപോകുന്ന പൈപ്പ് ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തുരന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു. ബംഗാൾ സ്വദേശി കബീറി(27)നാണ് പരിക്കേറ്റത്.

അരൂർ ഇരുപതാം വാർഡിൽ പെരിഞ്ഞാലിൽ ട്രാൻസ്‌ഫോർമറിന് കീഴിലുള്ള പുറത്തേഴത്ത് പുരയിടത്തിനടുത്താണ് സംഭവം. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജലവിതരണ കണക്ഷൻ നൽകാൻ കുഴിയെടുക്കുകയായിരുന്നു കബീർ.

ജലവിതരണ പൈപ്പിനു പകരം മണ്ണിനടിയിലൂടെ കടന്നുപോകുന്ന അതേനിറമുള്ള വൈദ്യുതി കേബിൾ പൈപ്പ് മുറിഞ്ഞ് തൊഴിലാളിക്ക് ഷോക്കേൽക്കുകയായിരുന്നു. പരിക്കേറ്റ തൊഴിലാളിയെ ഉടൻ അരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലാത്തതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. വൈദ്യുതി കേബ്ൾ നിശ്ചിത ആഴത്തിൽ കുഴിച്ചിടാത്തതാണ് അപകടത്തിന് കാരണമെന്ന് കരാറുകാരൻ പറഞ്ഞു.