പാലക്കാട്: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ കേരളം വിട്ടിട്ടില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രതീക്ഷ പ്രകടിപ്പിച്ചു. കേസ് സങ്കീർണമാണ്. അതുകൊണ്ടാണ് പ്രതികളിലേക്കെത്താൻ വൈകുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്നും മന്ത്രി പറഞ്ഞു.

പൊലീസും ആഭ്യന്തരവകുപ്പും നടപടികൾ കൃത്യമായി ചെയ്യുന്നുണ്ട്. മാധ്യമങ്ങൾ ഉൾപ്പെടെ ഇത്രയധികം ഇടപെടലുകളുണ്ടായ അന്വേഷണം വേറെയുണ്ടായിട്ടില്ല. ചർച്ചയും വിമർശനവും ഹൈപ്പും വരുന്നതിലല്ല കാര്യം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കത്തക്കവിധം കൃത്യമായി പ്രതികളെ കണ്ടെത്തുന്നതിലാണ് കാര്യമെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. ആലുവ കേസിൽ പെട്ടെന്ന് തന്നെ പ്രതിയെ കണ്ടുപിടിക്കാനായി. എന്നാൽ ഇത് കുറച്ചുകൂടി ആസൂത്രിതമാണ്, കുറച്ചുകൂടി സങ്കീർണമാണിതെന്നും മന്ത്രി പറഞ്ഞു.