കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് ഇടിച്ച് യാത്രാ ബോട്ടുകൾ അടുക്കുന്ന ജെട്ടി തകർന്ന സംഭവത്തിൽ അന്വേഷണം. പുലർച്ചെ നാലു മണിയോടെ ഫോർട്ട് കൊച്ചി കമാലക്കടവിലാണ് സംഭവം. ബോട്ട് ഇടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളെ ഇറക്കാനായി ജെട്ടിയിലേക്ക് എത്തിയപ്പോൾ ബോട്ടിന്റെ മുകൾഭാഗം ഇടിച്ചാണ് കെട്ടിടത്തിന്റെ മേൽകൂരയും തൂണും തകർന്നത്. ഇടിച്ച ഉടൻ തന്നെ പ്രദേശത്ത് നിന്ന് ബോട്ട് നീക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇടിച്ച മത്സ്യബന്ധന ബോട്ടിനായി പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും തിരച്ചിൽ ആരംഭിച്ചു. മത്സ്യബന്ധന ബോട്ട് യാത്രാ ബോട്ടുകൾക്ക് വേണ്ടിയുള്ള ജെട്ടിയിൽ അടുപ്പിക്കാൻ അനുമതിയില്ല. ഇത് ലംഘിച്ചാണ് രാത്രിയിൽ മത്സ്യബന്ധന ബോട്ട് യാത്രാ ജെട്ടിയിൽ അടുപ്പിച്ചത്.