കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലെ സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകികൊണ്ട് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്ന വിധത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രം കോർപറേഷൻ എംഎ‍ൽഎ ഫണ്ടിന്റെ സഹായത്തോടെ ഒരുക്കി. കണ്ണൂർ കോർപറേഷൻ പരിധിയിലാണ് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിൽ സർക്കാർ ആശുപത്രി ഒരുങ്ങിയത്.

കണ്ണൂർ കോർപ്പറേഷൻ ചേലോറ സോണൽ പരിധിയിൽ സ്ഥിതി ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഒ പി ആൻഡ് ഫാർമസി ബ്ലോക്കിന്റെ ഉദ്ഘാടനം മേയർ അഡ്വ.ടി ഒ മോഹനൻ നിർവ്വഹിച്ചു. ഇമ്മ്യൂണൈസേഷൻ & അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്ക് ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവ്വഹിച്ചു. ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കോർപ്പറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ താഴത്തെ നില നിർമ്മിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ ഒ പി റൂം, ലാബ്, ഫാർമസി, ഒബ്‌സർവ്വേഷൻ റൂം എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. കണ്ണൂർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് ഒന്നാം നില നിർമ്മിച്ചിരിക്കുന്നത്. ഇതിൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസ്, കോൺഫറൻസ് ഹാൾ, ഇമ്മ്യൂണൈസേഷൻ ഫീൽഡ് എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. എൻ എച്ച് എം ഫണ്ടുപയോഗിച്ച് 15 ലക്ഷം രൂപ ചെലവഴിച്ച് ഈ കെട്ടിടത്തിന്റെ മറ്റ് പണികൾ പൂർത്തീകരിച്ച് സമീപഭാവിയിൽ തന്നെ ഇത് ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തും. അതോടെ സായാഹ്ന ഒ പി സൗകര്യവും നിലവിൽ വരികയും ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാവുകയും ചെയ്യും.

ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ ഷമീമ ടീച്ചർ, എം പി രാജേഷ്, അഡ്വ.പി ഇന്ദിര, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ കെ പ്രദീപൻ, എ ഉമൈബ, ശ്രീജ ആരംഭൻ, വി കെ ശ്രീലത, മിനി അനിൽകുമാർ, കെ നിർമ്മല, കെ പി രജനി, വിവിധ പാർട്ടി പ്രതിനിധികളായ ലക്ഷ്മണൻ തുണ്ടിക്കോത്ത്, എം പി ഭാസ്‌കരൻ, കുഞ്ഞില്ലത്ത് ലക്ഷ്മണൻ, എൻ പി ഷാജു, കെ പി ദിലീപ്, ഡോ. അനിൽ കുമാർ, ഡോ.ധന്യ എസ് തുടങ്ങിയവർ സംസാരിച്ചു.