- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം മണ്ഡലത്തിൽ നടന്ന സ്‌കൂൾ കലോത്സവ ഉദ്ഘാടന സദസിൽ ആളില്ലാക്കസേരകൾ; സംഘാടകർക്കെതിരെ പരസ്യ വിമർശനവുമായി സ്പീക്കർ
കണ്ണൂർ: സ്വന്തം മണ്ഡലമായ തലശേരിയിൽ നടക്കുന്ന കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സദസിൽ ആളില്ലാ കസേര കണ്ടു പ്രകോപിതനായി വിദ്യാഭ്യാസ അധികൃതരെ വേദിയിലിരുത്തി അതിരൂക്ഷ വിമർശനവുമായി സ്പീക്കർ എ.എൻ. ഷംസീർ. തന്റെ നിയമസഭാ മണ്ഡലമായ തലശേരിയിൽ ഒരു പരിപാടി നടക്കുമ്പോൾ ഇങ്ങനെയല്ല പങ്കാളിത്തമുണ്ടാവേണ്ടത്. ഉദ്യോഗസ്ഥന്മാരുണ്ടാക്കുന്ന ഗുലുമാലാണ് പ്രശ്‌നം.
ഉദ്ഘാടനത്തിന് മുൻപ് നടന്ന മത്സരത്തിന്റെ റിസൽട്ട് നേരത്തെ പ്രഖ്യാപിച്ചത് മണ്ടത്തരമാണെന്നും സ്പീക്കർ തുറന്നടിച്ചു. ഒരു മണിക്കൂർ വൈകി ഫലം പ്രഖ്യാപിച്ചിരുന്നുവെങ്കിൽ സദസ് കാലിയാവുകില്ലെന്നും സ്പീക്കർ ചൂണ്ടികാട്ടി. സ്‌കൂൾ കലോത്സവം കേവലം വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും മാത്രം ഒതുക്കി നിർത്താതെ ജനകീയമാക്കി തീർക്കണമെന്ന് സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു.
അരങ്ങിലെ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ ആസ്വദിക്കാനും പങ്കുചേരാനും ജനങ്ങൾക്കും ആഗ്രഹമുണ്ടാകും. കലകളെ സ്‌നേഹിക്കുന്നവരാണ് ജനം. ജനകീയ ഉത്സവമാക്കി സ്‌കൂൾ കലോത്സവത്തിനെ മാറ്റുന്നതിന് സാങ്കേതിക പ്രയാസമുണ്ടെങ്കിൽ നിയമസഭയിൽ ചർച്ച നടത്തി മാറ്റാൻ ഒരുക്കമാണെന്നും സ്പീക്കർ പറഞ്ഞു. വീറും വാശിയോടു കൂടിയുള്ള മത്സരങ്ങൾ കുട്ടികൾ തമ്മിലായിരിക്കണം. അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിലാകരുത്. പഠന-പഠനേതര കാര്യങ്ങളിൽ ഒരുപോലെ ശ്രദ്ധിക്കാൻ കുട്ടികൾക്കാകണം.
രാജ്യത്ത് പാഠപുസ്തകത്തിൽ കാതലായ മാറ്റം കൊണ്ടുവരാനാണ് ചിലർ ശ്രമിക്കുന്നത്. മഹാത്മഗാന്ധി പാഠപുസ്തകത്തിൽ നിന്ന് പുറത്തുപോകുന്നു. വലിയ രീതിയിൽ വെട്ടലും കുത്തലും നടക്കുന്നു. ഗാന്ധിജി വേണ്ട ഗാന്ധിയുടെ കണ്ണട മതിയെന്ന നിലയിലായി.
സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുൽ കലാം ആസാദിനെ കുറിച്ചും പഠിക്കേണ്ടതില്ല എന്നാണ് പറയുന്നത്. ഇത്തരത്തിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. രാജ്യം ഒരു മതത്തിന്റേതുമല്ല. എല്ലാ മതങ്ങളേയും ഉൾക്കൊള്ളുന്നതാണ്. മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിച്ച് കലകളടക്കമുള്ള എല്ലാത്തിനേയും മുന്നോട്ടുകൊണ്ടുപോകാൻ കഴിയണമെന്നും ഷംസീർ പറഞ്ഞു.
തലശ്ശേരി സേക്രഡ് ഹാർട്ട് എച്ച് എസ് എസിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഫൈസൽ പുനത്തിൽ, റാഷിദ ടീച്ചർ, വിദ്യാഭ്യാസ ഉപഡയരക്ടർ എ പി അംബിക, എച്ച് എസ് എസ്
ആർഡിഡി കെ ആർ മണികണ്ഠൻ, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, വിഎച്ച് എസ് ഇ അസി. ഡയക്ടർ ഇ ആർ ഉദയകുമാരി, ഡിഇഒമാരായ ടി വി അജിത, സി അനിത, സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ രേഖ, പ്രധാനധ്യാപിക എസി സിസ്റ്റർ റോസറ്റ്, തലശ്ശേരി എച്ച് എം ഫോറം സെക്രട്ടറി സി പി സുധീന്ദ്രൻ, പിടിഎ പ്രസിഡണ്ട് കെ സുഗീഷ്, സിദ്ദീഖ് കൂടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ മ്യൂസിക് അദ്ധ്യാപകർ ചേർന്ന് അണിയിച്ചൊരുക്കിയ സ്വാഗതഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ജില്ലയിലെ വിവിധ ചരിത്രങ്ങളും പൈതൃകങ്ങളും ഉൾക്കൊള്ളിച്ച് നടത്തിയ സ്വാഗതഗാനം സദസ്സിന്റെ മനംകവർന്നു. തലശ്ശേരിയിലെ വിവിധ വേദികളിൽ നടക്കുന്ന കലോത്സവം ശനിയാഴ്ച സമാപിക്കും.




