കണ്ണൂർ: പയ്യന്നൂർ നഗരത്തിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 16 പവൻ സ്വർണ്ണവും കാൽ ലക്ഷത്തോളം രൂപയും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. തമിഴ്‌നാട് മേട്ടുപ്പാളയം കരുമാക്കൽ സ്വദേശി ചിന്നത്തമ്പിയുടെ മകൻ രാജ (59) യാണ് പയ്യന്നൂർ പൊലീസിന്റെ പിടിയിലായത്.

മേട്ടുപ്പാളയത്ത് വച്ചാണ് പയ്യന്നൂർ എസ്‌ഐ എം വിഷീജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. പയ്യന്നൂർ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് പിറകിൽ ചേരിക്കൽ മുക്കിൽ താമസിക്കുന്ന പൂർണ്ണിമ സുനിൽകുമാറിന്റെ വീടാണ് കഴിഞ്ഞ 29 ന് പുലർച്ചെ കുത്തിത്തുറന്ന് കവർച്ച നടത്തിയത്.

വീട്ടുകാർ തലശേരിയിലുള്ള ബന്ധു വീട്ടിൽ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിലിന്റ മണിച്ചിത്രത്താഴ് പൂട്ട് തകർത്ത നിലയിൽ കാണപ്പെട്ടത്. അകത്തെ മുറികളിലെ മൂന്ന് ഷെൽഫുകളും തകർത്ത നിലയിലായിരുന്നു. കിടപ്പ് മുറിയിലെ ഷെൽഫ് തകർത്ത് 16 പവൻ തൂക്കം വരുന്ന മാലയും മോതിരവും 25000 രൂപയുമാണ് കവർന്നത്. തൊട്ടടുത്ത സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ ആരാധന മഹോത്സവം നടക്കുന്നതിനിടെയാണ് കവർച്ച നടന്നത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി സ്റ്റേഷനുകളിൽ കവർച്ച കേസുകളിൽ പ്രതിയാണ് രാജയെന്ന് പൊലിസ് അറിയിച്ചു. പയ്യന്നൂരിന് ഞെട്ടിച്ച കവർച്ച നടന്ന കവർച്ചാക്കേസിലെ പ്രതിയെ ദിവസങ്ങൾക്കുള്ളിലാണ് പൊലിസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പൊലിസ് പിടികൂടിയത്. ഇതു പ്രദേശവാസികൾക്ക് ആശ്വാസമായിട്ടുണ്ട്.