കണ്ണൂർ: കതിരൂരിനടുത്തെ പാട്യത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു വൻ അപകടം. ദുരന്തമൊഴിവായത് പ്രദേശവാസികൾക്ക് ആശ്വാസമായി.പാട്യം പഞ്ചായത്തിലെ മൊകേരി കൂരാറയിൽ വീട്ടിലെ അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. വീട്ടുകാർ തലനാരിഴയ്ക്കുരക്ഷപ്പെട്ടു.ഞായറാഴ്‌ച്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം.

എ.കെ.ജി നഗറിൽ കുളത്തിനു സമീപം കുനിയിൽ വരപ്രത്ത് ലീലയുടെ വീട്ടിലെ ഫ്രിഡ്ജാണ് പുലർച്ചെ രണ്ടുമണിയോടെ പൊട്ടിത്തെറിച്ചത്. വീടിന്റെ മുകൾ നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ലീലയുടെ മകൻ ബൈജു ഭാര്യ റീന സഹോദരൻ സജു എന്നിവർക്ക് ഉറക്കത്തിൽ ശക്തമായ ശ്വാസംമുട്ടൽ അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് ഉണർന്നത്. മുകൾനിലയിലെ മുറികളിലേക്ക് ശക്തമായ പുക അടിച്ചു കയറിയതോടെയാണ് അപകടം നടന്നത് വ്യക്തമായത്.

താഴത്തെ നിലയിലേക്ക് ഇറങ്ങാൻ പറ്റാത്ത സാഹചര്യം കാരണം സൺഷെഡ് വഴിയാണ് ഇവർ പുറത്തേക്ക് ഇറങ്ങിയത്. ഇവർ കൃത്യമായ സമയത്ത് ഉറക്കം ഞെട്ടിയില്ലായിരുന്നുവെങ്കിൽ വൻദുരന്തം തന്നെ നടക്കുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. വീട്ടുടമസ്ഥ ലീല ബന്ധുവീട്ടിൽ പോയിരുന്നതിനാൽ താഴത്തെ നിലയിൽ ആളില്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുകയായിരുന്നു.

വീടിന്റെ അടുക്കള പൂർണമായും കത്തിനശിച്ചു.വീട്ടുപകരണങ്ങളും ഉപയോഗശൂന്യമായിട്ടുണ്ട്.വയറിങ് സംവിധാനവും പൂർണമായി കത്തിനശിച്ചു. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടംസംഭവിച്ചതായി കണക്കാക്കുന്നു. വീടിന്റെ ഇലക്ട്രിസിറ്റ് സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്.ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി മുകുന്ദന്റെ നേതൃത്വത്തിലുള്ള സംഘം അപകടത്തിലുള്ള വീടുകൾ സന്ദർശിച്ചു.