കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന   ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാട്ടുപന്നി ഇടിച്ചു മറിഞ്ഞ ഓട്ടോറിക്ഷയിലെ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പരിക്കേറ്റു. തളിപ്പറമ്പ് പട്ടുവം പോത്തടയിലെ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്കാണ് പരിക്കേറ്റത്. പട്ടുവം കച്ചേരി-വെളിച്ചാങ്കീൽ റോഡിൽ പോത്തടയിൽ വച്ച് ഞായറാഴ്‌ച്ച പുലർച്ചെയാണ് അപകടം നടന്നത്.

പട്ടുവം കടവിലെ മുസ്ലിം പള്ളിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് തിരിച്ച് വരികയായിരുന്ന പോത്തടയിലെ മുതുകുട മഠത്തിൽ നാവാസ്, ഭാര്യ ബുഷ്റ, മക്കളായ മുഹമ്മദ് ആഷിഖ്, അൽ അമീൻ ആറു മാസം പ്രായമായ മകൾ ഖദീജ, സഹോദരിയുടെ മക്കളായ മുഹമ്മദ്, ഷഫ്ന എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർക്ക് തളിപ്പറമ്പ് സഹകരണ ആശുപത്രിൽ ചികിത്സ നൽകി.

നവാസിന്റെ ഓട്ടോറിക്ഷയിൽ ഇടിച്ച കൂറ്റൻ കാട്ടുപന്നി തേറ്റ കൊണ്ട് ഓട്ടോറിക്ഷ മറിച്ചിടുകയായിരുന്നു. അപകടത്തിൽപ്പെട്ടവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഓട്ടോറിക്ഷ ഉയർത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഈപ്രദേശത്ത് കാട്ടുപന്നിയുടെ വിളയാട്ടം അതിരൂക്ഷമാണെന്നും തദ്ദേശസ്വയംഭരണ അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.