- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള സദസിനായി പാലായിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്ളെക്സിൽ കരി ഓയിൽ ഒഴിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അന്വേഷണം തുടങ്ങി
കോട്ടയം: നവകേരള സദസിനായി പാലായിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്ളെക്സിൽ അജ്ഞാതൻ കരി ഓയിൽ ഒഴിച്ചു. തുണികൊണ്ട് തല മറച്ചതിന് ശേഷമായിരുന്നു കരി ഓയിൽ ഒഴിച്ചത്. കരി ഓയിൽ ഒഴിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിപിഎം പ്രവർത്തകർ പൊലീസിൽ പരാതി നൽകി
തിങ്കളാഴ്ച പുലർച്ചെയാണ് സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചത്. ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരുന്നതിന്റെ എതിർ വശത്തെ കടയുടെ മുൻഭാഗത്ത് കൂടി റോഡ് മുറിച്ച് കടന്ന് കരി ഓയിൽ ഒഴിച്ച ശേഷം കടന്നുപോകുന്ന അജ്ഞാതന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾ തല തുണികൊണ്ട് മറച്ചിട്ടുണ്ട്. കൃത്യം ചെയ്ത ആളുടെ മുഖം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം റോഡിൽ സ്ഥാപിച്ചിരുന്ന മന്ത്രിമാരുടെ ഫോട്ടോകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് സിപിഐഎം പൊലീസിൽ പരാതി നൽകുകയും ബോർഡുകൾ നശിപ്പിക്കാതിരിക്കുന്നതിന് ആവശ്യമായ പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശേഷം തിങ്കളാഴ്ച പുലർച്ചെ നാല് മണിക്ക് ശേഷമാണ് കരി ഓയിൽ ഒഴിച്ചതെന്നാണ് സൂചന.
നവകേരളസദസ്സിൽ വിറളി പൂണ്ടവരാണ് കരി ഓയിൽ പ്രയോഗം നടത്തിയതെന്ന് സിപിഎം ലോക്കൽ സെക്രട്ടറി അജി പറഞ്ഞു. കുറ്റക്കാരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപെട്ടു. കരി ഓയിൽ ഒഴിച്ച ഫ്‌ളക്‌സ് ബോർഡ് പാർട്ടി പ്രവർത്തകർ മാറ്റി.
പാലായിൽ നാളെയാണ് നവകേരള സദസ്. ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്കായ പാലാ നഗര സഭ സ്റ്റേഡിയം നവകേരള സദസ്സിന് വിട്ട് കൊടുത്തതിൽ യു.ഡി.എഫും ബിജെപിയും പാലയിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നവകേരളസദസ്സ് വേദിയിലേക്ക് പ്രതിഷേധ പ്രകടനവും നടക്കും.




