ഇടുക്കി: നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ 41കാരൻ കുഴഞ്ഞുവീണുമരിച്ചു. മൂന്നാർ ലോക്ഹർട്ട് എസ്റ്റേറ്റിലെ താമസക്കാരൻ ഗണേശൻ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ അടിമാലി വിശ്വജ്യോതി സ്‌കൂളിന് സമീപമാണ് സഭവം.

നവകേരള സദസ്സിന്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോഴായിരുന്നു ഗണേശൻ കുഴഞ്ഞ് വീണത്. ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദേവികുളം നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സ് പരിപാടി നടക്കുന്നത് അടിമാലി വിശ്വജ്യോതി സ്‌കൂളിലായിരുന്നു. സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ നൽകാൻ ഇവിടേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഗണേശന് ആരോഗ്യസംബന്ധമായ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് വിവരം. അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറ്റു നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.