തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് കൂടിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗം വിളിച്ചു. നാളെ രാവിലെ 10 ന് അവലോകന യോഗം ചേരുമെന്നാണ് അറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാർ ഓൺലൈനായി ചേരുന്ന യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, കമീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

അതേസമയം, പമ്പയും സന്നിധാനവും തീർത്ഥാടകരെ കൊണ്ട് നിറഞ്ഞതോടെ കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ മണിക്കൂറുകൾ റോഡിൽ പിടിച്ചിടുന്നത് മൂലം തീർത്ഥാടകർ വലയുന്ന സ്ഥിതിയാണുള്ളത്. പത്തനംതിട്ടയിൽ നിന്ന് വരുന്ന വാഹനങ്ങൾ ളാഹ മുതലും എരുമേലിയിൽ നിന്നുള്ള വാഹനങ്ങൾ കണമല മുതലുമാണ് മണിക്കൂറുകൾ പിടിച്ചിടുന്നത്.തിരക്ക് വർധിച്ചതോടെ കെഎസ്ആർടിസി ഉൾപ്പെടെയുള്ള തീർത്ഥാടക വാഹനങ്ങൾ അഞ്ച് മണിക്കൂറിൽ അധികം പിടിച്ചിടുന്ന സ്ഥിതിയാണ് ഉള്ളത്.

ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുന്നതിനാൽ തീർത്ഥാടകരിൽ ഭൂരിഭാഗവും കുപ്പിവെള്ളം പോലും കരുതാതെയാണ് എത്തുന്നത്. ഇക്കാരണത്താൽ കൊടുങ്കാടിന് മധ്യത്തിൽ പിടിച്ചിടുന്ന വാഹനങ്ങൾക്കുള്ളിൽ അകപ്പെട്ടുപോകുന്ന കുട്ടികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർക്ക് ദാഹജലം പോലും ലഭിക്കാത്ത അവസ്ഥയും ഉണ്ട്.

അതേസമയം, ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുള്ള തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നതടക്കം പരിഗണിച്ച് ഹൈക്കോടതിയുടെ ഇടപെടൽ. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്ലക്സ് , വിശ്രമ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തണം. ലഭ്യമായ സൗകര്യങ്ങൾ, ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ അഭിഭാഷക സംഘം വിലയിരുത്തും.

ശബരിമലയിൽ ദർശനത്തിന് 18 മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വരുന്നതായി ഭക്തരുടെ പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെടൽ. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. തിരക്ക് പരിഹരിക്കുന്നതിന് ഹൈക്കോടതി അന്ന് ചില നിർദ്ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നാൽ ശബരിമലയിൽ തിരക്ക് തുടരുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇന്നും വിഷയം പരിഗണിച്ചത്. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ,ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ദേവസ്വം ബഞ്ചാണ് ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുന്നത്.