ഗുരുഗ്രാം: ഹരിയാനയിൽ നടന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്(അഡാസ്) ഷോയിൽ ഡ്രൈവറില്ലാ കാർ പ്രദർശിപ്പിച്ച് കേരളത്തിൽ നിന്നുള്ള സ്റ്റാർട്ട് അപ്പ് സംരംഭവും. കൊച്ചി ഇൻഫോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ റോഷ് എഐ ആണ് ഇന്ത്യൻ നിർമ്മിത ഡ്രൈവറില്ലാ കാർ അഡാസ് ഷോയിൽ അവതരിപ്പിച്ചത്.

റോബോട്ടിക്സ് വിദഗ്ധനായ ഡോ. റോഷി ജോൺ ആണ് റോഷ് എഐയുടെ സ്ഥാപകൻ. നാനോ കാറിൽ മാറ്റങ്ങൾ വരുത്തിയാണ് ഇദ്ദേഹം ഇന്ത്യയിലെ ഡ്രൈവറില്ലാ കാർ വിപ്ലവത്തിന് തുടക്കമിട്ടത്. തിരുച്ചിറപ്പള്ളി എൻഐടിയിൽ നിന്ന് റോബോട്ടിക്സിൽ ഡോക്ടറേറ്റ് നേടിയ റോഷി കഴിഞ്ഞ ഇരുപത് വർഷമായി രാജ്യത്തെ ഹൈ ടെക്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, റീട്ടെയ്ൽ, ബാങ്കിങ് സ്ഥാപനങ്ങൾക്ക് വേണ്ടി റോബോട്ടുകളെ വികസിപ്പിച്ച് വരുന്നു. നിലവിൽ പല അന്താരാഷ്ട്ര ആഡംബര വാഹന നിർമ്മാതാക്കൾക്കും ഡ്രൈവറില്ലാ സാങ്കേതിക വിദ്യ നൽകുന്നത് റോഷ് എഐയാണ്. ഖനന കമ്പനികളും ഇവരുടെ ഡ്രൈവറില്ലാതെ ഓടുന്ന വാഹന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

ഹരിയാനയിലെ ഗുരുഗ്രാമിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജിയിലാണ് ഈ വർഷത്തെ അഡാസ് ഷോ നടക്കുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ കണ്ടെത്തലുകളും വളർച്ചയും അവതരിപ്പിക്കാൻ സംരംഭകർക്ക് അവസരം നൽകുകയാണ് ഈ ഷോയുടെ ലക്ഷ്യം. രാജാറാം മൂർത്തി, ലതീഷ് വാളാങ്കി എന്നിവരാണ് റോഷ് എ. ഐ യുടെ സഹസ്ഥാപകർ. കേന്ദ്ര ഗവണ്മെന്റിന്റെ വൻകിട വ്യവസായ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് ഷോ സംഘടിപ്പിക്കുന്നത്.