കണ്ണൂർ: എസ് ബി ഐ യോനോ ആപ്പ് ബ്ലോക്കായെന്ന പേരിൽ വയോധികനെ ഓൺലൈൻ തട്ടിപ്പിനിരയാക്കി അക്കൗണ്ടിൽ നിന്നും പണം കവർന്നുവെന്ന പരാതിയിൽ തലശേരി ടൗൺ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. തലശ്ശേരി എരഞ്ഞോളി സ്വദേശിയായ 79 കാരനാണ് 25000 രൂപ നഷ്ടമായത്.

ടെക്സ്റ്റ് മെസേജായി ഫോണിലേക്ക് യോനോ ആപ്പ് ബ്ലോക്കായെന്നും പാൻ കാർഡ് അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സന്ദേശമയച്ചാണ് തട്ടിപ്പിനിരയാക്കിയത്. തലശ്ശേരി ടൗൺപൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയത്.
ബാങ്കിൽ നിന്നും അയക്കുന്ന സന്ദേശം എന്ന വ്യാജേനയാണ് തട്ടിപ്പുകാർ ടെക്സ്റ്റ് മെസേജ് അയച്ചത്. എസ് ബി ഐ യോനോ ആപ്പ് ബ്ലോക്കായിരിക്കുകയാണ്. പാൻ കാർഡ് വിവരങ്ങളും നെറ്റ് ബാങ്ക് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണം എന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.

സന്ദേശത്തിൽ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താലുടൻ എസ് ബി ഐയുടേതെന്നു തോന്നിപ്പിക്കുന്ന വ്യാജ സൈറ്റ് ഓപ്പണായി വരും. യൂസർ ഐഡിയും പാസ്സ്വേർഡും അടിച്ച് ലോഗിൻ ചെയ്യുമ്പോൾ വെരിഫിക്കേഷനെന്ന പേരിൽ ഒടിപി കൂടി നൽകുന്നതിലൂടെയാണ് പണം നഷ്ടപ്പെടുന്നതെന്ന് പൊലിസ് അറിയിച്ചു.

ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ വിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും ഇത്തരം ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകൾ എന്നിവ പൂർണമായും അവഗണിക്കണമെന്നും പൊലീസ് അറിയിച്ചു.

ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സി.വി സി, ഒ.ടി.പി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെയ്ക്കരുതെന്നും പൊലീസ് വ്യക്തമാക്കി.സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുണമെന്നും പൊലീസ് അറിയിച്ചു.