- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടകരുമായി പോയ കെ.എസ്.ആർ.ടി.സി ബസ് മണ്ണിൽ പുതഞ്ഞു
പമ്പ: തീർത്ഥാടകരെ കുത്തിനിറച്ച് പമ്പയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് മണ്ണിൽ പുതഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ആളുകളെ കുത്തിനിറച്ച് സ്റ്റാൻഡിൽനിന്നും പുറപ്പെട്ട ബസ് 20 മീറ്റർ പിന്നിടുമ്പോൾ ഡ്രൈവർ സീറ്റിനോട് ചേർന്ന ടയർ മണ്ണിൽ പുതയുകയായിരുന്നു. തുടർന്ന് തീർത്ഥാടകരെ മുഴുവൻ ബസ്സിൽ നിന്നും ഇറക്കിയ ശേഷം ക്രെയിൻ ഉപയോഗിച്ചാണ് കരകയറ്റിയത്.
അതേസമയം, ഇന്നും ശബരിമലയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. നിലക്കൽ - പമ്പ ചെയിൻ സർവിസ് താളം തെറ്റിയ അവസ്ഥയിലാണ്. പൊലീസിന്റെ കടുത്ത നിയന്ത്രണത്തിലാണ് ബസ്സുകൾ പമ്പയിലേക്ക് കടത്തിവിടുന്നത്.
കാനനപാതകളിൽ മണിക്കൂറുകൾ കാത്തു കിടന്ന ശേഷം നിലയ്ക്കലിൽ എത്തുന്ന തീർത്ഥാടകർക്ക് പമ്പയിലേക്കുള്ള ബസ് കാത്ത് മണിക്കൂറുകൾ നിൽക്കേണ്ട അവസ്ഥയാണ്. സീറ്റിങ് കപ്പാസിറ്റിയിൽ മാത്രമേ തീർത്ഥാടകരെ കൊണ്ടുപോകാവു എന്ന കോടതി നിർദേശവും പാലിക്കപ്പെട്ടില്ല. 100- 150 തീർത്ഥാടകരാണ് ബസ്സുകളിൽ കയറിപ്പറ്റുന്നത്. ബസ്സുകളിൽ കയറിപ്പറ്റാൻ ഉള്ള തിക്കിലും തിരക്കിലും കുട്ടികൾ ഉൾപ്പെടെയുള്ള നിരവധി തീർത്ഥാടകർക്ക് പരിക്കേൽക്കുന്നതായും പരാതിയുണ്ട്.
മണിക്കൂറുകൾ കാത്തുനിന്നിട്ടും നിലയ്ക്കിൽ നിന്നും പമ്പയിലേക്ക് പോലും പോകാൻ സാധിക്കാതെ വന്നതോടെ ആയിരക്കണക്കിന് തീർത്ഥാടകരാണ് തിരികെ മടങ്ങി പന്തളം അയ്യപ്പക്ഷേത്രത്തിൽ എത്തി നെയ്യ് അഭിഷേകം ചെയ്തു മാലയൂരി മടങ്ങുന്നത്.




