കണ്ണൂർ: കണ്ണൂരിന്റെ വാണിജ്യവികസന പ്രതീക്ഷകൾ വർധിപ്പിച്ചു കൊണ്ടുഅഴീക്കൽ മത്സ്യബന്ധന തുറമുഖം ആധുനികവൽക്കരണ പ്രവൃത്തികൾ വേഗത്തിലാക്കാൻ തീരുമാനമായി. കെ വി സുമേഷ് എം എൽ എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. 25.36 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം ഓഗസ്റ്റ് ആറിന് മത്സ്യബന്ധന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് നിർവ്വഹിച്ചത്.

നാല് ഘട്ടങ്ങളിലായിട്ടാണ് പ്രവൃത്തികൾ പൂർത്തിയാക്കുക. നിലവിൽ ചുറ്റുമതിൽ നിർമ്മാണം, റിവർ പ്രൊട്ടക്ഷൻ എന്നിവയുടെ പണികൾ പൂർത്തിയാക്കി. ഫിഷറീസ് ഓഫീസ്, 186 മീറ്റർ വാർഫ്, ലേലപ്പുര, സാഫ് പ്രോസസിങ് യൂണിറ്റ്, ലോക്കർ മുറികൾ, ക്യാന്റീൻ കെട്ടിടം, ശുചിമുറികൾ, പാർക്കിങ് ഏരിയ, കുടിവെള്ള വിതരണ സംവിധാനം, മഴവെള്ള സംഭരണി എന്നിവയുടെ പണികൾ പുരോഗമിക്കുന്നു. വേഗത്തിൽ ഇവ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ.വി.സുമേഷ് എംഎ‍ൽഎ പറഞ്ഞു.

അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ഹാർബർ എഞ്ചിനീയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് അഷ്റഫ്, അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എൻ വിനയൻ അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തിരുവനന്തപുരത്ത് വിഴിഞ്ഞം പദ്ധതി പൂർണമായി പ്രവർത്തന സജ്ജമാകുന്നതിനൊപ്പം തന്നെ അഴീക്കൽ തുറമുഖവും ചരക്കുഗതാഗതത്തിന് യോഗ്യമാക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് കെ.വി.സുമേഷ് എം.എൽ എ അറിയിച്ചു.