കൊച്ചി: റബർ കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ തോമസ് ചാഴിക്കാടനെ നവകേരളസദസിൽ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.എം മാണി സാറിന്റെ നാടായ പാലായിൽ നവകേരള സദസ് നടക്കുമ്പോൾ സ്വഗതം പറയുന്ന ചാഴിക്കാടന് റബർ കർഷകരെ കുറിച്ച് സംസാരിക്കാതെ പ്രസംഗിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. 250 രൂപ വിലസ്ഥിരത നൽകുമെന്ന് എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം ഇതുവരെ നടപ്പാക്കിയിട്ടില്ല.

യു.ഡി.എഫ് എംഎ‍ൽഎമാർക്ക് നവകേരള സദസിൽ വന്ന് വിമർശിക്കാമായിരുന്നല്ലോയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിമർശിക്കുന്നത് പോയിട്ട് സംസാരിച്ച കെ.കെ ശൈലജയെയും റബർ കർഷകരുടെ വിഷയം പറയാൻ ശ്രമിച്ച കോട്ടയം എംപി തോമസ് ചാഴിക്കാടനെയും മുഖ്യമന്ത്രി അപമാനിച്ചു.

റബർ കൃഷി തകർന്ന് തരിപ്പണമായിരിക്കുകയാണ്. കഴിഞ്ഞ വർഷം 500 കോടിയും ഈ വർഷം 600 കോടിയും ഉൾപ്പെടെ 1100 കോടിയും മാറ്റിവച്ചിട്ട് അകെ നൽകിയ 53 കോടി രൂപ മാത്രമാണ്. നവകേരള സദസ് ജനകീയ പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ചാഴിക്കാടൻ റബർ കർഷകരുടെ കാര്യം പറഞ്ഞത് മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കി. എൽ.ഡി.എഫിലെ എംഎ‍ൽഎയും എംപിയും പറയുന്നത് പോലും കേൾക്കാനുള്ള മനസ് മുഖ്യമന്ത്രിക്കില്ല. അസഹിഷ്ണുതയാണ്.

എന്നിട്ടാണ് യു.ഡി.എഫിന് വന്ന് പറയാമായിരുന്നില്ലേയെന്ന് പറയുന്നത്. റബർ കർഷകരുടെ കാര്യം പറഞ്ഞ ചാഴിക്കാടനെ മുഖ്യമന്ത്രി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. ജനപ്രതിനിധികളോട് ഇത്ര അസഹിഷ്ണുതയിൽ മുഖ്യമന്ത്രി പെരുമാറരുത്. തോമസ് ചാഴിക്കാടനോടും ശൈലജ ടീച്ചറിനോടും ചെയ്തത് തെറ്റാണ്. ഇങ്ങോട്ട് പറയുന്നത് കേൾക്കണം, അങ്ങോട്ട് ഒന്നും പറയാൻ പാടില്ലെന്ന നിലാപാടിലാണ് മുഖ്യമന്ത്രി. ഈ സമീപനം ശരിയല്ല.

ധനകാര്യമന്ത്രിക്ക് നൽകാൻ കേരളം തയാറാക്കിയ നിവേദനത്തിൽ എംപിമാർ ഒപ്പുവച്ചില്ലെന്നതാണ് മുഖ്യമന്ത്രിയുടെ അടുത്ത ആക്ഷേപം. സർക്കാർ എഴുതിക്കൊടുക്കുന്നതിന്റെ അടിയിൽ ഒപ്പുവയ്ക്കാനായി തെരഞ്ഞെടുക്കപ്പെട്ടവരല്ല യു.ഡി.എഫ് എംപിമാർ. നിവേദനത്തിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾക്ക് അടിയിൽ യു.ഡി.എഫ് എംപിമാർ ഒപ്പുവയ്ക്കില്ല. അവർ പ്രത്യേകമായി തയാറാക്കിയ നിവേദനം കേന്ദ്ര ധനകാര്യമന്ത്രിക്ക് സമർപ്പിക്കും.

ഒന്നിച്ച് നിവേദനം നൽകുമ്പോൾ രണ്ട് കൂട്ടർക്കും സ്വീകാര്യമായ കാര്യങ്ങൾ നിവേദനത്തിൽ പറയണം. അല്ലാതെ ഏകപക്ഷീയമായി സർക്കാർ അടിച്ചേൽപ്പിക്കുന്ന കാര്യങ്ങൾക്ക് താഴെ എംപിമാർ ഒപ്പുവയ്ക്കില്ല. കേന്ദ്രം കേരളത്തോട് ചെയ്യുന്ന ദേഷകരമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് യു.ഡി.എഫ് എംപിമാർക്ക് അറിയാം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അവർ കേന്ദ്രത്തിന് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.