ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട അർജുനെ വെറുതെ വിട്ട വിധിക്ക് പിന്നാലെ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ഡിവൈഎഫ്‌ഐ പ്രവർത്തകനായ പ്രതിയെ രക്ഷിക്കാൻ ഗൂഢാലോചന നടന്നതായും സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു.

കൃത്യമായി തെളിവ് ശേഖരിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ മേൽക്കോടതിയിൽ അപ്പീൽ നൽകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

ആറു വയസ്സുകാരിയുടെ കൊലപാതകത്തിൽ നാടിന് നാണക്കേട് ഉണ്ടാക്കിയ വിധിയെന്ന് സിപിഐ നേതാവ് കെ കെ ശിവരാമൻ പ്രതികരിച്ചു. ജുഡീഷ്യറിക്കും നാടിനും നാണക്കേട് ഉണ്ടാക്കിയ വിധിയാണിതെന്നും അദ്ദേഹം വിമർശിച്ചു.

കേസ് അന്വേഷണത്തെ ബാഹ്യ ഇടപെടൽ സ്വാധീനിച്ചിട്ടുണ്ടോ എന്ന സംശയം സാധാരണ ജനങ്ങൾക്ക് ഉണ്ടെന്നും നീതി ലഭിക്കുവോളം നാടാകെ ഒരുമിക്കണമെന്നും സിപിഐ നേതാവ് ആവശ്യപ്പെട്ടു. പ്രതിയെ രക്ഷപ്പെടുത്തുന്നതിനായി ഏതെങ്കിലും ശക്തി കേന്ദ്രങ്ങൾ ഇടപെട്ടിട്ടുണ്ടെങ്കിൽ അവർ മാപ്പ് അർഹിക്കുന്നില്ലന്നും കെ കെ ശിവരാമൻ പറഞ്ഞു.

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ കോടതി വെറുതെ വിട്ടിരുന്നു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്.

പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. വിചാരണ സമയത്ത് പൊലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛൻ പറഞ്ഞിരുന്നു.

കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. അതേസമയം, നിരപരാധിയായ യുവാവിനെ രണ്ടു വർഷമാണ് വിചാരണ തടവുകാരനായി ജയിലിൽ അടച്ചതെന്നും കേസിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്കെതിരെ പ്രൊസീക്യൂഷൻ അപ്പീൽ നൽകിയേക്കും. പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ കേസിൽ തെളിവുകൾ സമർപ്പിക്കുന്നതിൽ ഉൾപ്പെടെ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.