തൃശൂർ: തൃശൂർ കോർപ്പറേഷൻ ഓഫിസ് വളപ്പിൽ പൊതുജനങ്ങളുടെ വാഹനങ്ങൾ കയറ്റുന്നത് നിരോധിച്ച് സെക്രട്ടറിയുടെ പേരിൽ ബോർഡ്. സ്വന്തമായി വൈദ്യുതി, ജലവിതരണം എന്നിവയുള്ള തൃശൂർ കോർപറേഷൻ ഓഫിസിലേക്ക് പ്രതിദിനം ആയിരങ്ങളാണ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവയിലെല്ലാം ആളുകൾ എത്തുന്നുണ്ട്. പൊതുജനങ്ങളുടെ വാഹനം തടയുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

കോർപ്പറേഷൻ വാഹനങ്ങളും കൗൺസിലർമാരുടെ വാഹനങ്ങളും സ്ഥിരമായി നിർത്തിയിടുന്നതുപോലെ വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ നിർത്തിയിടുന്നില്ല. അവർ നിശ്ചിത സമയം കഴിഞ്ഞാൽ തിരിച്ചുപോകുന്നവരാണ്.

പൊതുജനങ്ങളുടെ വാഹനങ്ങൾ തടയുന്നതിലൂടെ അവർ കോർപ്പറേഷനിലേക്ക് വരുന്നത് തടയുക മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. സാധാരണക്കാരും മുതിർന്ന പൗരന്മാരും ഈ നിയന്ത്രണം കാരണം ഗേറ്റിൽ ഇറങ്ങി നിൽക്കേണ്ട സാഹചര്യമുണ്ടാവും.

ഓഫിസ് നവീകരിച്ചതോടെ കൂടുതൽ സ്ഥലം പാർക്കിങ്ങിനായി ലഭിച്ച് ഉപയോഗിക്കുമ്പോഴാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരന്റെ മൗലികാവകാശങ്ങൾക്ക് തടയിടുന്നതാണെന്നും പരാതി പറയാനെത്തുന്നവരെ കോർപ്പറേഷൻ ഗേറ്റിൽ തടയുക എന്ന ഭരണ സമിതി നയം അംഗീകരിക്കാനാവില്ലെന്നും അതിനാൽ ഉത്തരവ് പിൻവലിച്ച് ബോർഡ് നീക്കണമെന്നും കെപിസിസി സെക്രട്ടറിയും കൗൺസിലറുമായ ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.