കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും ജില്ലാ ആശുപത്രിയിലേക്ക് തടുവുകാരുമായി എത്തിയ ആംബുലൻസിലേക്ക് മയക്കുമരുന്ന് എറിഞ്ഞ് നൽകിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കക്കാട് സ്വദേശി പിഎസ് നദീറാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി അതിരകം സ്വദേശി അമൂദിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ജയിലിൽ നിന്ന് ആറ് തടവുകാരുമായി പോയ ആംബുലൻസിലേക്കാണ് സംഘം മയക്കുമരുന്ന് എറിഞ്ഞ് നൽകിയത്. ആശുപത്രിയിൽ എത്താറായപ്പോൾ സ്‌കൂട്ടറിൽ പിന്തുടർന്നെത്തിയ സംഘം ഇടതുവശത്തെ ചില്ലിലൂടെ ആംബുലൻസിനുള്ളിലേക്ക് മയക്കുമരുന്ന് എറിയുകയായിരുന്നു.

രണ്ട് കവറുകളിൽ 12 കുപ്പികളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലാണ് സംഘം ആംബുലൻസിലേക്ക് എറിഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോട്ടയ്ക്ക് സമീപത്ത് നിന്നും അമൂദ് പിടിയിലായത്.