മലപ്പുറം: മലപ്പുറം ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. പലരും പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചു. വിദ്യാർത്ഥികളാണ് കൂടുതൽ ദുരിതത്തിലായത്. പരപ്പനങ്ങാടി മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. വെള്ളിയാഴ്ച രാവിലെ ആറു മുതൽ പണിമുടക്ക് ആരംഭിച്ചത്.

കോട്ടക്കൽ-തിരൂർ, കോട്ടക്കൽ-മലപ്പുറം, മഞ്ചേരി-മലപ്പുറം, മലപ്പുറ-വേങ്ങര-പരപ്പനങ്ങാടി റൂട്ടുകളിലെല്ലാം പണിമുടക്ക് ശക്തമാണ്. രാവിലെ മുന്നറിയിപ്പില്ലാതെ ആരംഭിച്ച ബസ്‌സമരം വിദ്യാർത്ഥികളേയും ഉദ്യോഗസ്ഥരേയുമടക്കം ബാധിച്ചു. ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാതെ ഭൂരിഭാഗമാളുകളും വഴിയിൽ കുടുങ്ങി. കെ.എസ്.ആർ.ടി.സി ബസുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു.

മഞ്ചേരി - പരപ്പനങ്ങാടി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനെതിരെ പൊലിസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്. മഞ്ചേരിയിൽ നിന്ന് പരപ്പനങ്ങാടിയിലേക്കും തിരൂരിലേക്കും തിരിച്ചും സർവീസ് നിർത്തിവെക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പണിമുടക്ക് പൂർണമായി. മഞ്ചേരിയിൽ നിന്ന് അരീക്കോട്, നിലമ്പൂർ, വണ്ടൂർ, പാണ്ടിക്കാട്, പെരിന്തൽമണ്ണ, മലപ്പുറം, തിരൂർ ഭാഗങ്ങളിലേക്കൊന്നും ബസുകൾ സർവീസ് നടത്തിയില്ല.

പണിമുടക്ക് അറിയാതെ രാവിലെ സ്‌കൂളിലേക്കും ഓഫീസുകളിലേക്കും മറ്റുമിറങ്ങിയ യാത്രക്കാർ പെരുവഴിയിലായി. മെഡിക്കൽ കോളജിലേക്കെത്തിയ രോഗികളും ജീവനക്കാരും ബുദ്ധിമുട്ടിലായി. പണിമുടക്ക് വിവരം അറിയാതെ ജോലിക്കിറങ്ങിയ പലരും വീട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. സ്‌കൂളുകളിലെത്താനാകാതെ വിദ്യാർത്ഥികൾ ദുരിതത്തിലായി. സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ നിലയിലും കുറവുണ്ടായി. സമാന്തര ഓട്ടോ സർവീസുകളെയാണ് വിദ്യാർത്ഥികളടക്കമുള്ളവർ ആശ്രയിച്ചത്. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയത് ആശ്വാസമായി. കോഴിക്കോട് - വഴിക്കടവ് - മലപ്പുറം ഭാഗത്തേക്കുള്ള ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.