- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സാംസ്‌കാരികമന്ത്രി സംരക്ഷിക്കുന്നതുകൊണ്ടാണ് രഞ്ജിത്ത് കയറൂരി വിട്ടതുപോലെ സംസാരിക്കുന്നത്; രഞ്ജിത്ത് മാനസികനില ഒന്നു പരിശോധിക്കണം'; വിമർശനവുമായി വിനയൻ
കൊച്ചി: സാംസ്‌കാരികമന്ത്രി സംരക്ഷിക്കുന്നതുകൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് കയറൂരി വിട്ടതുപോലെ സംസാരിക്കുന്നതെന്ന് സംവിധായകൻ വിനയൻ. രഞ്ജിത്ത് മാനസികനില ഒന്നു പരിശോധിക്കണമെന്നും അല്ലാതെ ഇങ്ങനെയുള്ള വർത്തമാനമൊക്കെ പറയാൻപറ്റുമോ എന്നറിയില്ലെന്നും വിനയൻ പറഞ്ഞു.
ഡോ. ബിജു ആളുകയറാത്ത സിനിമയുടെ സംവിധായകനാണെന്ന് പറയുമ്പോൾ മന്ത്രിയോട് ഒരു കാര്യം ചോദിക്കാനാഗ്രഹിക്കുകയാണ്. രഞ്ജിത്തിനോട് ചോദിക്കുന്നില്ല. അദ്ദേഹം മറുപടിയും പറയില്ല. അരവിന്ദനേയും അടൂർ ഗോപാലകൃഷ്ണനേയും ഷാജി എൻ കരുണിനേയുംപോലെ നൂറ് ദിവസം ഓടാത്ത സിനിമകൾ എടുക്കുന്നവർ ഇത്തരത്തിൽ പരിഹസിക്കപ്പെടേണ്ടവരാണോ എന്നും വിനയൻ ചോദിച്ചു.
രഞ്ജിത്ത് അദ്ദേഹത്തിനിഷ്ടപ്പെടാത്ത, വിദ്വേഷമുള്ള വ്യക്തികളെയെല്ലാം അധിക്ഷേപിക്കാനാണോ ചലച്ചിത്ര അക്കാദമി ചെയർമാന്റെ കസേര ഉപയോഗിക്കേണ്ടതെന്ന് മന്ത്രി പറയണം. സംസ്ഥാന പുരസ്‌കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് വ്യക്തമായ തെളിവുകളോടെ പരാതി കൊടുത്തപ്പോൾ രഞ്ജിത്ത് അങ്ങനെയൊന്നും ചെയ്യില്ല, അദ്ദേഹം ഇതിഹാസമാണെന്നുപറഞ്ഞ മന്ത്രിയാണ് ഈ പരിതസ്ഥിതിക്ക് ഉത്തരവാദിയെന്നും വിനയൻ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകിയിരുന്നു. അക്കാദമി ജനറൽകൗൺസിൽ അംഗങ്ങൾ ചലച്ചിത്രമേള വേദിയിലാണ് സമാന്തരയോഗം ചേർന്നത്. ചലച്ചിത്രപ്രവർത്തകർക്കെതിരേ രഞ്ജിത്ത് മോശം പരാമർശങ്ങൾ നടത്തുന്നതും ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗം രംഗത്തെത്തിയത്.
ജനറൽകൗൺസിൽ അംഗങ്ങളായ സംവിധായകൻ മനോജ് കാന, സിപിഐ. പ്രതിനിധി എൻ. അരുൺ, മമ്മി സെഞ്ച്വറി മുഹമ്മദ് കുഞ്ഞ്, പ്രകാശ് ശ്രീധർ എന്നിവർ ചേർന്നാണ് രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകിയത്. അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന വേദിയിൽത്തന്നെ ചെയർമാനെതിരേ സമാന്തരയോഗം ചേരുന്നതും അദ്ദേഹത്തെ നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകിയതും ചലച്ചിത്രഅക്കാദമിയുടെ ചരിത്രത്തിലെ അപൂർവസംഭവം. ജനറൽകൗൺസിൽ അംഗമായ കുക്കു പരമേശ്വനും ചെയർമാൻ രഞ്ജിത്തും കഴിഞ്ഞദിവസം ഇടഞ്ഞിരുന്നു.
രഞ്ജിത്തിനോട് നേരിട്ടുകണ്ട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംവിധായകൻ ഡോ. ബിജുവിനെയും നടൻ ഭീമൻ രഘുവിനെയും വ്യക്തിപരമായി അധിക്ഷേപിച്ചതടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണംതേടിയത്. കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മുഖ്യമന്ത്രി എത്തുമോയെന്ന് വകുപ്പുമന്ത്രിയായ സജി ചെറിയാനുപോലും ധാരണയുണ്ടായിരുന്നില്ലെന്നും താൻ ഇടപെട്ടാണ് മുഖ്യമന്ത്രിയെ വരുത്തിയതെന്നടക്കമുള്ള പരാമർശങ്ങളും ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് നടത്തിയിരുന്നു




