- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർ അടിമുടി പ്രകോപനമുണ്ടാക്കുന്നു; ഇത്തരത്തിൽ പെരുമാറുന്ന ഗവർണർക്കെതിരെ പ്രതിഷേധം സ്വാഭാവികം; ആരിഫ് മുഹമ്മദ് ഖാന് എതിരായ എസ്എഫ്‌ഐയുടെ കരിങ്കൊടി സമരം തുടരുമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായുള്ള എസ്എഫ്‌ഐയുടെ കരിങ്കൊടി സമരത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. കരിങ്കൊടി സമരം ഇനിയും തുടരുമെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
''കുറച്ചു നാളത്തെ കാലാവധിയേ ഗവർണർക്ക് ആ പദവിയിലുള്ളൂ. ഈ കുറച്ചു ദിവസത്തിനകം എങ്ങനെയാണു സംഘപരിവാറിന്റെ പ്രധാന പട്ടികയിലേക്കു കടന്നുവരേണ്ടത് എന്ന കാര്യം ആലോചിച്ചതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടികൾ. ആർഎസ്എസ് സർസംഘചാലകിനെ നേരിട്ടു കാണാൻ ശ്രമിച്ചതു നമുക്കറിയാം. ഗവർണറുടെ മാനസികനിലയെപ്പറ്റി ജനം മനസ്സിലാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനും കേരളത്തിനും എതിരായി നടത്തുന്ന പ്രചാരവേലകൾ ഒരു ഗവർണർക്കു യോജിച്ചതാണോയെന്ന് അദ്ദേഹംതന്നെ പരിശോധിക്കേണ്ടതാണ്.
സംഘപരിവാർ വേദികളിലാണ് അദ്ദേഹം വിമർശനങ്ങൾ ഉന്നയിക്കുന്നത്. കേരള സർക്കാർ രാഷ്ട്രീയമായി സർവകലാശാലകളിൽ ഇടപെടുന്നുവെന്നു പറയുന്നതു ചാൻസലർ കൂടിയായ ഗവർണറാണ് എന്നതു ഗൗരവമുള്ളതാണ്. ആർഎസ്എസ് സംഘപരിവാർ അജൻഡ ഔപചാരികമായി നടപ്പാക്കുന്ന നിലപാടാണു ഗവർണർ സ്വീകരിക്കുന്നത്. കേരള സർവകലാശാല സെനറ്റിലേക്കുള്ള ഗവർണറുടെ നാമനിർദ്ദേശം കൃത്യമായ രാഷ്ട്രീയ ഇടപെടലാണ്. അദ്ദേഹത്തിന് എവിടെനിന്നാണ് ആ പേരുകൾ കിട്ടിയത് എന്നതിനെപ്പറ്റി മറുപടി പറയാൻ കഴിഞ്ഞിട്ടില്ല.
ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളോടു ഗവർണർ നടത്തിയ പരാമർശങ്ങൾ സാധാരണ പൗരനു പോലും യോജിച്ചതാണോ എന്ന സ്വയം പരിശോധനയ്ക്കു തയാറാകണം. സംഘപരിവാർ വിഭാഗങ്ങളെ സർവകലാശാലയിലേക്കു തിരുകി രാഷ്ട്രീയം കളിക്കുന്ന നിലപാട് ഗവർണർ എടുക്കുന്നു. ഫയലുകൾ പിടിച്ചുവയ്ക്കുന്ന അദ്ദേഹത്തിന്റെ സമീപനത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരത്തിൽ പെരുമാറുന്ന ഗവർണർക്കെതിരെ പ്രതിഷേധം സ്വാഭാവികമാണ്. ആ പ്രതിഷേധമാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും നടത്തുന്നത്. ഗവർണർ അടിമുടി പ്രകോപനമുണ്ടാക്കുകയാണ്'' ഗോവിന്ദൻ പറഞ്ഞു.




