- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ഹൈവെ കവർച്ചക്കാർ പിടിയിലായി; രാത്രിയിൽ ലിഫ്റ്റ് ചോദിച്ചു കാർ യാത്രക്കാരനെ കൊള്ളയടിച്ചവരെ പൊലീസ് പിടികൂടി
കണ്ണൂർ: കണ്ണൂരിൽ ഹൈവെയിൽ രാത്രി ഏറെ വൈകി കാത്തു നിന്നു കൊള്ളയടിക്കുന്ന രണ്ടംഗ സംഘം അറസ്റ്റിൽ. യാത്രക്കാരെന്ന വ്യാജേനെ ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി കയറി കൊള്ളയടിക്കുന്ന കണ്ണൂർ സ്വദേശികളായ രണ്ടംഗ സംഘമാണ് പൊലീസിന്റെ പിടിയിലായത്.
രാത്രിയിൽ കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി ഡ്രൈവറുടെ പണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച രണ്ടുപേരെയാണ് തലശ്ശേരി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ തായത്തെരുവിലെ പള്ളി മൂപ്പൻ ഹൗസിൽ പി എം സാജിദ്, പൂളേന്റവിടെ വീട്ടിൽ പി. അനീസ് എന്നിവരെയാണ് തലശേരി ടൗൺ പൊലീസ് അറസ്റ്റു ചെയ്തു തലശേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
വ്യാഴാഴ്‌ച്ച രാത്രി പത്തുമണിക്ക് ശേഷം കോഴിക്കോട് നിന്നും വരികയായിരുന്ന ഇന്നോവ കാറിന് മാഹിപാലത്തിന് സമീപം വെച്ച് രണ്ടുപേർ കൈ കാണിക്കുകയും തലശ്ശേരിലേക്ക് കാറിൽ ലിഫ്റ്റ് ചോദിച്ചു കയറുകയായിരുന്നു. പിലാക്കൂൽ എത്തിയപ്പോൾവെള്ളം കുടിക്കാനായി ഡാഷ് ബോർഡ് തുറന്നപ്പോൾ ഡാഷ് ബോർഡിനുള്ളിൽ സൂക്ഷിച്ച 15,600 രൂപ അടങ്ങിയ പേഴ്‌സ് കാണാത്തതിനെ തുടർന്ന് ചോദിച്ചപ്പോൾ ഇരുവരും പെട്ടെന്ന് കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
തുടർന്ന് തലശ്ശേരി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി തലശേരി ടൗണിൽ നിന്നും ഇരുവരെയും പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതികൾ നേരത്തെ പിടിച്ചു പറിയുൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. അർധരാത്രിയിൽ റോഡരികിൽ നിന്നും വാഹന യാത്രക്കാരെ കൊള്ളയടിക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. വരും ദിവസങ്ങളിൽ തലശേരി - കണ്ണൂർ ദേശീയ പാതയിൽ പരിശോധന ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.




