പത്തനംതിട്ട : നവകേരളസദസ്സുമായി ബന്ധപ്പെട്ട് പരിപാടി നടക്കുന്ന വിവിധ സ്ഥലങ്ങളിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി വി. അജിത് അറിയിച്ചു.

കോന്നി

സർക്കാർ ഔദ്യോഗിക വാഹനങ്ങളും, പരിപാടിയുമായി ബന്ധപ്പെട്ടുള്ള മോട്ടോർ കേഡ് വാഹനങ്ങളും കോന്നി ഓട്ടോ ടാക്സി സ്റ്റാന്റിലാണ് പാർക്ക് ചെയ്യേണ്ടത്. അരുവാപ്പുലം ഭാഗത്തുനിന്നും കോന്നി മാരൂർപാലം ജംഗ്ഷനിലെത്തുന്ന വാഹനങ്ങൾ അവിടെ ആളെ ഇറക്കിയശേഷം കോന്നി എൻ എസ് എസ് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഏനാദിമംഗലം പഞ്ചായത്തിലെ വാഹനങ്ങൾ മാരൂർപാലം ജംഗ്ഷനിൽ ആളുകളെ ഇറക്കിയശേഷം അമൃത സ്‌കൂൾ ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യേണ്ടത്. കലഞ്ഞൂർ പഞ്ചായത്തിൽ നിന്നുള്ളവ മാരൂർ പാലത്തിൽ ആളുകളെ ഇറക്കിക്കഴിഞ്ഞു എലിയറക്കൽ കല്ലേലി റോഡിൽ ഒരുസൈഡിലായി പാർക്ക് ചെയ്യേണ്ടതാണ്. വള്ളിക്കോട് പഞ്ചായത്തിൽ നിന്നുമെത്തുന്ന വാഹനങ്ങൾ കോന്നി ആനക്കുടിന് സമീപം ആളുകളെ ഇറക്കി അവിടെ പാർക്ക് ചെയ്യണം.

പ്രമാടം വി കോട്ടയം പഞ്ചായത്തുകളിൽ നിന്നുള്ളവ മാരൂർ പാലം ജംഗ്ഷനിൽ ആളെ ഇറക്കുകയും തുടർന്ന് കോന്നി എൻ എസ് എസ് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതുമാണ്. പ്രമാടം ളാക്കൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ചൈനാമുക്കിൽ ആളുകളെ ഇറക്കുകയും, ചൈനാ മുക്ക് ളാക്കൂർ റോഡിൽ ഒരുവശത്ത് ഇടുകയും വേണം. പ്രമാടം പൂങ്കാവ് വഴിയെത്തുന്നവ ആനക്കുടിന് അടുത്ത് ആളുകളെ ഇറക്കി, അവിടെ തങ്ങണം. കോന്നി പഞ്ചായത്തിൽ നിന്നുള്ള വാഹനങ്ങൾ മാങ്കുളത്ത് ആളുകളെ ഇറക്കണം, തുടർന്ന് കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്ൾസ് ചർച്ച് മൈതാനിയിൽ പാർക്ക് ചെയ്യേണ്ടതാണ്.

തണ്ണിത്തോട് പഞ്ചായത്തിൽ നിന്നുള്ളവ കോന്നി പൊലീസ് സ്റ്റേഷൻ ഭാഗത്ത് ആളെ ഇറക്കിയശേഷം കോന്നി ഗവണ്മെന്റ് എച്ച് എസ് എസ് ഗ്രൗണ്ടിൽ തങ്ങണം. സീതത്തോട് ചിറ്റാർ പഞ്ചായത്തുകളിലെ വാഹനങ്ങൾ കോന്നി പൊലീസ് സ്റ്റേഷൻ ഭാഗത്ത് ആളുകളെ ഇറക്കിക്കഴിഞ്ഞു മുരിങ്ങമംഗലം ക്ഷേത്രം മൈതാനിയിലും, മൈലപ്ര മലയാലപ്പുഴ പഞ്ചായത്തുകളിൽ നിന്നുള്ള കുമ്പഴ വഴിവരുന്നവർ കോന്നി റിപ്പബ്ലിക്കൻ വി എച്ച് എസിനു സമീപം ആളെ ഇറക്കിയശേഷം അവിടെ പാർക്ക് ചെയ്യണം. മൈലപ്ര മലയാലപ്പുഴ പഞ്ചായത്തുകളിലെ വെട്ടൂർ വഴിയെത്തുന്നവർ കോന്നി പൊലീസ് സ്റ്റേഷൻ ഭാഗത്ത് ആളെ ഇറക്കിയശേഷം മുരിങ്ങമംഗലം മെഡിക്കൽ കോളേജ് റോഡിൽ ഒരുവശത്തായി തങ്ങണം. കുമ്പഴ പത്തനംതിട്ട, കോന്നി ആനക്കൂട് പൂങ്കാവ് റോഡുകളിൽ പാർക്കിങ് അനുവദിച്ചിട്ടില്ല. പരിപാടിയിൽ പങ്കെടുക്കുന്നവർ വൈകിട്ട് 3.30 ന് മുമ്പ് എത്തേണ്ടതാണ്.

റാന്നി

പത്തനംതിട്ട ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഉതിമൂട്ടിൽ നിന്നും തിരിഞ്ഞ് കീക്കൊഴുർ എത്തി പേരൂർ ചാൽ പാലം കയറി പുല്ലൂപ്രം വരവൂർ വഴി പേട്ടയിലെത്തി മിനർവ പടിയിലൂടെ എസ് എച്ച് 8 ലൂടെ യാത്ര തുടരേണ്ടതാണ്. എരുമേലി മണിമല ഭാഗത്തുനിന്നുള്ളവ മിനർവ പടിയിൽ നിന്നും തിരിഞ്ഞ് വരവൂർ പുല്ലൂപ്രം വഴി പേരൂർ ചാൽ പാലത്തിലൂടെ കീക്കൊഴുർ ജംഗ്ഷനിൽ നിന്നും ഉതിമൂട് റോഡിൽ പ്രവേശിച്ച് എസ് എച്ച് 8 ലൂടെ പോകേണ്ടതുമാണ്.

അടൂർ

പള്ളിക്കൽ പഞ്ചായത്തിൽ നിന്നുള്ള ബസ്സുകൾ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപമുള്ള റിലയൻസ് പമ്പിനു മുൻവശം ആളെ ഇറക്കിക്കഴിഞ്ഞ് ഗ്രീൻവാലി ഓഡിറ്റോറിയത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും, കോട്ടമുകൾ ദന്താശുപത്രി മുതൽ പരുത്തിപ്പാറ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇടതുവശത്തും(കിഴക്കുവശം )പാർക്ക് ചെയ്യേണ്ടതാണ്.

പന്തളം മുനിസിപ്പാലിറ്റിയിലെ ബസ്സുകൾ റിലയൻസ് പമ്പിനു മുൻവശം ആളെ ഇറക്കിയശേഷം കോട്ടമുകൾ ദന്താശുപത്രി മുതൽ പരുത്തിപ്പാറ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇടതുവശത്തും വടക്കടത്തുകാവ് സ്‌കൂൾ മൈതാനത്തും തങ്ങേണ്ടതാണ്. ഏഴാംകുളം കൊടുമൺ പഞ്ചായത്തുകളിൽ നിന്നുള്ളവ റിലയൻസ് പമ്പിനു മുൻവശം ആളെ ഇറക്കിയശേഷം കണ്ണംകോട് സെന്റ് തോമസ് ചർച്ച് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഇവിടെത്തന്നെയാണ് കടമ്പനാട് ഏറത്ത് പഞ്ചായത്തുകളിൽ നിന്നുള്ളവയും തങ്ങേണ്ടത്.

തുമ്പമൺ പന്തളം തെക്കേക്കര പഞ്ചായത്തുകളിൽ നിന്നുള്ളവ റിലയൻസ് പമ്പിനുമുന്നിൽ ആളുകളെ ഇറക്കുകയും,അടൂർ ബൈപ്പാസ്സിൽ ബൂസ്റ്റർ ചായ ഷോപ്പിന് സമീപം മുതൽ കരുവാറ്റ പാലം വരെ റോഡിന്റെ ഇടതുവശം (പടിഞ്ഞാറ് ) തങ്ങേണ്ടതാണ്, ഇടറോഡുകളിൽ മാർഗതടസ്സമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.

ഹോളി ക്രോസ്സ് ആശുപത്രി ജംഗ്ഷൻ മുതൽ മൈക്രോലാബിനു മുൻവശം വരെയും കോടതിറോഡിൽ (വൺ വേ ) മാർക്കറ്റ് റോഡ് വരെയുമാണ് (ഇടതുവശം )അടൂർ മിനിപ്പാലിറ്റിയിലെ ബസ്സുകൾ , പരിപാടി നടക്കുന്ന സ്ഥലത്തിന് അടുത്തുള്ള പമ്പിനുമുന്നിൽ ആളെ ഇറക്കിയശേഷം പാർക്ക് ചെയ്യേണ്ടത്. ഇടറോഡുകളിൽ മാർഗതടസ്സമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ,എസ് എം സിൽക്സ് മുതൽ കെ എസ് ആർ ടി സി വരെ പാതക്ക് തെക്കുവശത്തായും പാർക്ക് ചെയ്യാവുന്നതാണ്.

കടമ്പനാട് ഏറത്ത് പള്ളിക്കൽ പഞ്ചായത്തുകൾ പന്തളം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള കാർ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ, ബൈക്കുകൾ എന്നിവ ഗ്രീൻ വാലി പാർക്കിങ് ഗ്രൗണ്ട് എ എം ജെ ഹാളിന്റെ പാർക്കിങ് ഗ്രൗണ്ട് ഇതിന്റെ എതിർവശത്തെ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. അടൂർ മുനിസിപ്പാലിറ്റിയിലെ ഇത്തരം വാഹനങ്ങൾ മുനിസിപ്പൽ ഗ്രൗണ്ട് സെൻട്രൽ ടോൾ കാത്തോലിക്ക പള്ളി ഹോളി ഏഞ്ചൽസ് സ്‌കൂൾ ഗ്രൗണ്ട് എന്നിവടങ്ങളിലാണ് പാർക്ക് ചെയ്യേണ്ടത്.ഗ്രീൻ വാലി പാർക്കിങ് ഗ്രൗണ്ടിൽ തുമ്പമൺ കൊടുമൺ പന്തളം തെക്കേക്കര പഞ്ചായത്തുകളിൽ നിന്നുള്ള ഇത്തരം വാഹനങ്ങൾക്കും പാർക്ക് ചെയ്യാവുന്നതാണ്.

17 ന് ഉച്ചക്ക് ഒരുമണി മുതൽ അടൂർ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടൂരിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തട്ട പോയിന്റിൽ ഇടതുവശം തിരിഞ്ഞ് ആനന്ദപ്പള്ളി കൊടുമൺ വഴി ഏഴാംകുളം ജംഗ്ഷനിൽ കെ പി റോഡിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്.പത്തനാപുരത്തുനിന്നും അടൂർ കായംകുളം ഭാഗങ്ങളിലേക്ക് വരുന്നവ പറക്കോട് ജംഗ്ഷനിൽ ഇടതുതിരിഞ്ഞു പരുത്തിപ്പാറ വടക്കടത്തുകാവ് ജംഗ്ഷനിൽ എം സി റോഡിൽ കടന്നു ബൈപ്പാസ് വഴി പോകണം.ഏഴാംകുളം പറക്കോട് കോട്ടമുകൾ സെൻട്രൽ ടോൾ നെല്ലിമൂട്ടിൽ പടി ട്രാഫിക് സിഗ്നൽ പോയിന്റ് വരെ ഒരുവാഹനവും പാർക്ക് ചെയ്യാൻ അനുവദിക്കില്ല.