തിരുവനന്തപുരം: ഡിസംബർ 16ന് തിരുവനന്തപുരം YWCA ഹാളിൽ ചേർന്ന കേരള ഫെമിനിസ്റ്റ് ഫോറത്തിന്റെ 'പെൺപോരിമ - ഫെമിനിസ്റ്റ് ജീവിതാഘോഷങ്ങൾ' എന്ന ഏകദിന കൂടിച്ചേരൽ പ്രൊ. ഉമാ ചക്രവർത്തി യും ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് കൽക്കി സുബ്രഹ്‌മണ്യവും ചേർന്ന് ഉദ്ഘാടനം ചെയ്തു. മുൻ കാല ഫെമിനിസ്റ്റ് നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ ആഘോഷിക്കുന്നതോടൊപ്പം അവയെ കൃത്യമായി രേഖപ്പെടുത്തുകയും ചരിത്ര താളുകളിൽ എഴുതിച്ചേർക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം ഉമാ ചക്രവർത്തി ചൂണ്ടിക്കാട്ടി. ട്രാൻസ്‌ജെണ്ടർ സമൂഹം അനുഭവിക്കുന്ന സവിശേഷ പ്രശ്‌നങ്ങളിലേക്കും പൊതു സമൂഹത്തിൽ ഉണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ചും കൽക്കി സുബ്രഹ്‌മണ്യം സംസാരിച്ചു.

ഈ പരിപാടിയിൽ നവഫെമിനിസ്റ്റ് കൂട്ടായ്മകളുടെ അഞ്ചുപതിറ്റാണ്ടുകൾ എന്ന ചർച്ചയിൽ ഡോ. മിനി സുകുമാർ, ജ്യോതി നാരായണൻ, ഷാഹിന കെ.കെ, കുസുമം ജോസഫ് എന്നിവർ സംസാരിച്ചു.

വ്യത്യസ്ത തലങ്ങളിൽ കേരളത്തിലെ സ്ത്രീകളുടെ ജീവിതങ്ങളെയും അവകാശങ്ങളെയും അഭിസംബോധന ചെയ്ത, സംഘടനാ രംഗത്തും സർഗ്ഗാത്മക - ബൗദ്ധിക മേഖലകളിലും തനതായ സംഭാവനകൾ നൽകിയ, എഴുപതു വയസ്സ് പിന്നിട്ട, ആറു വ്യക്തിത്വങ്ങളായ സാറാ ജോസഫ്, കെ. അജിത, ഏലിയാമ്മ വിജയൻ, വി.പി. സുഹറ, നളിനി ജമീല, നളിനി നായക് എന്നിവരെ ആദരിച്ചു.

മുൻകാല ഫെമിനിസ്റ്റ് പോരാട്ടങ്ങളുടെ അനുഭവ ജ്ഞാനങ്ങളോടും അതിജീവന സമരങ്ങളോടും പുതിയകാലത്തെ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകൾക്കും അക്കാദമിക - സാംസ്കാരിക പ്രവർത്തകർക്കും സംവദിക്കാനുള്ള അവസരം കൂടിയായിരുന്നു ഈ ഒത്തു ചേരൽ.

കേരളത്തിന്റെ സമകാലിക മുഖ്യധാരാ ഫെമിനിസ്റ്റ് രാഷ്ട്രീയ വ്യവഹാരങ്ങളിൽ ബോധപൂർവ്വം രൂപപ്പെടുത്തേണ്ട ഫെമിനിസ്റ്റ് ഐക്യപ്പെടലിനും മൈത്രിക്കും തുടക്കം കുറിച്ച ഈ പരിപാടിയിൽ നളിനി നെറ്റോ, Dr. എ. കെ ജയശ്രീ, ലൗലി സ്റ്റീഫൻ, Adv . നന്ദിനി, ശ്യാമ എസ് പ്രഭ, വിജി പെൺകൂട്ട്, മേഴ്‌സി അലക്‌സാണ്ടർ, Dr. ബിനിതാ തമ്പി, സജിതാ മഠത്തിൽ, സജിതാ ശങ്കർ, Adv. വിജയമ്മ, Adv. ആശ ഉണ്ണിത്താൻ, Dr . ആരതി, ജയശ്രീ ശിവ, Adv. രാജശ്രീ എന്നിവർ പങ്കെടുത്തു. അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം അവാർഡ് നേടിയ കെ. കെ ഷാഹിനയെ ഈ പരിപാടിയിൽ ആദരിച്ചു. മുൻ. PSC അംഗവും മുതിർന്ന മാധ്യമ പ്രവർത്തകയുമായ ആർ. പാർവ്വതിദേവി കേരള ഫെമിനിസ്റ്റ് ഫോറത്തിനുവേണ്ടി അനുമോദന പ്രസംഗം നടത്തി.