തിരുവനന്തപുരം: അനധികൃതമായി മദ്യവിൽപന നടത്തുന്നുവെന്ന് പൊലീസിൽ പരാതിപ്പെട്ടതിന്റെ പകയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 25കാരൻ അറസ്റ്റിൽ. നെടുമങ്ങാട് തേക്കട ചീരാണിക്കര കുഴിവിള തടത്തരികത്ത് വീട്ടിൽ നൗഫൽ ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. കല്ലുവരമ്പ് സ്വദേശിയായ അരുണിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

അരുൺ സ്‌കൂട്ടറിൽ വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. വീടിന്റെ മുൻവശത്ത് തടഞ്ഞ് നിർത്തി ചവിട്ടി വീഴ്‌ത്തുകയും വീട്ടിൽ ഓടിക്കയറിയപ്പോൾ പിൻതുടർന്നെത്തി മരക്കഷണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. തിരുവനന്തപുരം റൂറൽ എസ് പി കിരൺ നാരായണിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് സി ഐ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.