മുംബൈ: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിൽ പ്രകോപിതനായി 16-കാരൻ സുഹൃത്തിനെ കുത്തിപരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ ന്യായ്നഗർ സ്വദേശിയായ 16-കാരനാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് 19-കാരനായ സുഹൃത്തിനെ കുത്തിയത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തായ 19-കാരൻ തന്നെ ഒഴിവാക്കുന്നതും പുതിയ സുഹൃത്തുക്കളുമായി കൂടുതൽ സമയം ചിലവഴിക്കുന്നതുമാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

വ്യാഴാഴ്ച രാത്രി ന്യായ്നഗർ മേഖലയിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രതിയും 19-കാരനും വർഷങ്ങളായി സുഹൃത്തുക്കളാണ്. താൻ വിളിച്ചിട്ട് എന്താണ് ഫോണെടുക്കാത്തതെന്ന് ചോദിച്ചാണ് 16-കാരൻ ആക്രമിച്ചതെന്നായിരുന്നു 19-കാരന്റെയും മൊഴി. എന്തുകൊണ്ടാണ് പുതിയ സുഹൃത്തുക്കൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതെന്നും പ്രതി ചോദിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട 16-കാരനെ പൊലീസ് പിന്നീട് പിടികൂടി. ശിശുസംരക്ഷണ സമിതിക്ക് മുൻപാകെ ഹാജരാക്കിയ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.