പത്തനംതിട്ട: ശബരിമലയിലെ കടകളിൽ അമിതവില ഈടാക്കുന്നുവെന്ന പരാതിയിൽ പരിഹാരം കണ്ടെത്തണമെന്ന് നിർദേശിച്ച് ഹൈക്കോടതി. പരാതി വന്നാൽ പരിഹരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. കൂടാതെ ബന്ധപ്പെട്ടവരുടെ ഇമെയിൽ, നമ്പർ എന്നിവ പ്രദർശിപ്പിക്കാനും കോടതിയുടെ നിർദേശത്തിലുണ്ട്. ചീഫ് വിജിലൻസ് ഓഫീസർ, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവരുടെ നമ്പറും ഇമെയിലും പ്രദർശിപ്പിക്കണമെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.

അതേ സമയം, ശബരിമല സോപാനത്ത് ഇന്നലെ മുതൽ ക്യു സംവിധാനം തുടങ്ങി. സോപാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തി. പതിനെട്ടാം പടി കയറി വരുന്ന കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക സൗകര്യവും ഒരുക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം, സന്നിധാനത്ത് തിരക്ക് തുടരുകയാണ്.

ഇന്നലെ രാവിലെ 6 മണി വരെ 21,000 പേരാണ് പതിനെട്ടാം പടി കയറിയത്. സന്നിധാനത്ത് പുലർച്ചെ മുതൽ മഴ പെയ്തുവെങ്കിലും നിലവിൽ മഴ പെയ്യുന്നില്ല. ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക് വാർത്തയായിരുന്നു. ഭക്തർക്ക് സന്ദർശനം നടത്താൻ കഴിയാതെ മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ സംവിധാനങ്ങൾ കൊണ്ടുവന്നത്.