തൃശ്ശൂർ: എക്സിബിഷൻ ഗ്രൗണ്ട് വാടക കൂട്ടിയാൽ തൃശ്ശൂർ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ. എക്‌സിബിഷൻ ഗ്രൗണ്ടിന് കൊച്ചിൻ ദേവസ്വം ബോർഡ് വാടക ഉയർത്തിയതിനെതിരെ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം ദേവസ്വങ്ങൾ അവതരിപ്പിച്ചു. മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു.

39 ലക്ഷമായിരുന്നു എക്‌സിബിഷൻ ഗ്രൗണ്ടിന് കഴിഞ്ഞ വർഷത്തെ വാടക. ഈ വർഷം 2.2 കോടി വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്. ഇതോടെയാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്ന് പ്രമേയം അവതരിപ്പിച്ചത്.

പൂരത്തിന്റെ ചെലവുകൾ കണ്ടെത്താനാണ് എക്‌സിബിഷൻ നടത്തിവന്നിരുന്നത്. എന്നാൽ 2.2 കോടി നൽകാതെ ഗ്രൗണ്ട് വിട്ടുതരില്ലെന്ന നിലപാടിലാണ് കൊച്ചിൻ ദേവസ്വം ബോർഡ്. എന്നാൽ വാടക വർദ്ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് ദേവസ്വങ്ങൾ പറയുന്നത്. മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം.

തറവാടക കൂട്ടിയത് പരിഹരിക്കാനും ഒത്തുതീർപ്പാക്കാനുമുള്ള ശ്രമങ്ങൾ കഴിഞ്ഞ പൂരം മുതൽ നടക്കുന്നുണ്ട്. എന്നാൽ ഇതുവരെ തീരുമാനങ്ങളും നടപടികളുമായിട്ടില്ല. വാടക കൂട്ടുന്നതിൽ നിന്ന് കൊച്ചിൻ ദേവസ്വം പിന്നോട്ട് പോയിട്ടില്ല. പൂരത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസാണ് എക്സിബിഷൻ. ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച് കേസ് നടക്കുന്നുണ്ട്. രണ്ടേകാൽ കോടിയോളം രൂപയാണ് രണ്ടുമാസത്തോളം നീളുന്ന തൃശൂർ പൂരം എക്സിബിഷന് തേക്കിൻകാട് മൈതാനിയിൽ സ്ഥലം അനുവദിക്കുന്നതിനായി കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്.

പൂരം കൊച്ചിൻ ദേവസ്വത്തിന്റേതു കൂടിയായതിനാൽ വൻ തുക ഈടാക്കുന്നത് പ്രതിഷേധാർഹമാണെന്നാണ് സംഘാടകർ പറയുന്നത്. ഇക്കാര്യത്തിൽ ഉടനടി രാഷ്ട്രീയമായ തീരുമാനം വേണമെന്നാണ് ദേവസ്വങ്ങൾ ആവശ്യപ്പെടുന്നത്.