കോഴിക്കോട്: നടുറോഡിൽ ബസ് നിർത്തിയിറങ്ങി കാർ ഡ്രൈവറെ മർദിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഇതിനായി പൊലീസ് മോട്ടർ വാഹന വകുപ്പിനു ശുപാർശ നൽകി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ, ബസ് ഡ്രൈവർ തിരുവണ്ണൂർ സ്വദേശി ശബരീഷിനെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കസബ പൊലീസ് അറസ്റ്റ് ചെയ്തു.

മാനാഞ്ചിറയിൽ ബസ് തട്ടിയതു കാർ യാത്രക്കാർ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമർദനം. ബേപ്പൂർ മെഡിക്കൽ കോളജ് റൂട്ടിലോടുന്ന അൽഫ എന്ന ബസിലെ ഡ്രൈവറാണു ശബരീഷ്. കാർ ഡ്രൈവറുടെ ഭാര്യയെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. അതിനിടെ ഡ്രൈവർ മർദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

കാർ ഡ്രൈവർ തന്റെ മുഖത്തു തുപ്പിയതായി ശബരീഷ് ആരോപിച്ചു. സംഭവത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നു പൊലീസ് വ്യക്തമാക്കി