- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണ്ണർ പ്രതികരിച്ചത് കണ്ണൂരിനെ കൊലക്കളമാക്കി മാറ്റിയ മുഖ്യമന്ത്രിക്കെതിരെ
കണ്ണൂർ: സംസ്ഥാന ഗവർണ്ണർ ആരീഫ് മുഹമ്മദ്ഖാൻ കണ്ണൂരിനെ അപമാനിച്ചുവെന്ന രീതിയിൽ സിപിഎം നടത്തുന്ന പ്രചരണം പച്ചക്കള്ളമാണെന്നും ഗവർണ്ണർ പ്രതികരിച്ചത് കണ്ണൂരിനെ കൊലക്കളമാക്കി മാറ്റിയ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെയാണെന്നും ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പ്രസ്താവനയിൽ പറഞ്ഞു.
ഗവർണ്ണർ പറഞ്ഞത് കണ്ണൂരിൽ സിപിഎം നടത്തിയ കൊലപാതകങ്ങളെ കുറിച്ചാണ്. തന്റെ പ്രസ്താവനയിലൂടെ ഗവർണ്ണർ മുഖ്യമായും ഉദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം പ്രതിയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം മുതലിങ്ങോട്ടുള്ള കമ്മ്യൂണിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തെയാണ്.
പഴശ്ശിരാജയുൾപ്പെടെയുള്ള മഹാത്മാക്കൾ നാടിനു വേണ്ടി ചെയ്ത ത്യാഗങ്ങളോടും സമര പോരാട്ടങ്ങളോടുമുള്ള ആദരവും ബഹുമാനവും നിലനിർത്തിക്കൊണ്ടു തന്നെയാണ് ഗവർണ്ണർ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകളുടെ ക്രിമിനൽ പശ്ചാത്തലത്തെ ഓർമ്മിപ്പിച്ചത്. കഴിഞ്ഞ കാലങ്ങളിൽ കണ്ണൂരിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളിൽ, സിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിലടക്കം സിപിഎം പ്രതിസ്ഥാനത്താണ്. ചോരപുരണ്ട, മനുഷ്യത്വ രഹിതമായ ആ കാലഘട്ടത്തെ കുറിച്ചാണ് ഗവർണ്ണർ തന്റെ പ്രതികരണത്തിൽ സൂചിപ്പിച്ചത്. അങ്ങനെയൊരു കാലഘട്ടത്തെ സൃഷ്ടിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള പങ്ക് പകൽ പോലെ വ്യക്തമാണ്. അതിനാൽ ഇക്കാര്യം ഗവർണ്ണർ തുറന്ന് പറഞ്ഞതിൽ തെറ്റ് പറയാനാവില്ല.
ഗവർണ്ണറെ സിപിഎമ്മിന്റെ ചട്ടുകമാക്കി മാറ്റാനാകാത്തതിലുള്ള അസഹിഷ്ണുതയാണ് അദ്ദേഹത്തിനെതിരെ നടത്തുന്ന പ്രചരണങ്ങളെന്ന് വ്യക്തമാണ്. എല്ലാതലത്തിലും കേരളത്തിനെക്കാൾ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. സാമ്പത്തിക സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ക്രമസമാധാനത്തിന്റെ കാര്യത്തിലും കേരളത്തേക്കാൾ ഏറെ മുന്നിലാണ്. അതു കൊണ്ടുതന്നെ ഉത്തർപ്രദേശുകാരനായ ഗവർണ്ണറെ അതിന്റെ പേരിൽ കുറ്റപ്പെടുത്താൻ സിപിഎമ്മിന് യാതൊരർഹതയുമില്ലെന്നും കൃഷ്ണദാസ് പ്രസ്താവനയിൽ പറഞ്ഞു.




