ആലപ്പുഴ: അമ്പലപ്പുഴയിൽ നങ്കൂരമിട്ടിരുന്ന നിരവധി മത്സ്യബന്ധന വള്ളങ്ങളുടെ പ്രൊപ്പല്ലറുകളും പെട്രോളും കവർന്നതായി പരാതി. പുറക്കാട് ജംഗ്ഷന് തെക്ക് ഭാഗത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന വള്ളങ്ങളിൽ നിന്നാണ് വ്യാപക മോഷണം നടന്നത്. ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

മത്സ്യബന്ധനത്തിന് ശേഷം തിങ്കളാഴ്ച വൈകിട്ട് നങ്കൂരമിട്ടിരുന്ന വള്ളങ്ങളിലാണ് മോഷണം നടന്നത്. വേദവ്യാസൻ, ജപമാല രാജ്ഞി, ജോയൽ, കൈരളി എന്നീ ഫൈബർ വള്ളങ്ങളുടെ പ്രൊപ്പല്ലറുകളാണ് കവർന്നത്. ഇതിൽ വേദവ്യാസൻ വള്ളത്തിൽ മത്സ്യബന്ധനത്തിനായി സൂക്ഷിച്ചിരുന്ന 10 ലിറ്റർ പെട്രോളും കവർന്നു.

മറ്റൊരു പ്രൊപ്പല്ലർ അഴിച്ച് മാറ്റാനും ശ്രമിച്ചു. രാവിലെ തൊഴിലാളികൾ ജോലിക്ക് പോകാനായി എത്തിയപ്പോഴാണ് ഇവ നഷ്ടപ്പെട്ട വിവരമറിയുന്നത്. 20 ഓളം തൊഴിലാളികളാണ് ഒരു വള്ളത്തിൽ മത്സ്യബന്ധനത്തിനായി പോകുന്നത്. മത്സ്യ ബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടതോടെ നാല് വള്ളങ്ങളിൽ ജോലിക്ക് പോകുന്ന തൊഴിലാളികളുടെ ഉപജീവന മാർഗവും നിലച്ചു. പ്രദേശത്ത് മത്സ്യബന്ധന ഉപകരണങ്ങൾ മോഷണം പോകുന്നത് പതിവാണ്. ഇത് തടയാൻ പൊലീസ് പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.