ഇടുക്കി: മാങ്കുളത്തിന് സമീപം ആവറുകുട്ടി വനമേഖലയിൽ ഒളിപ്പിച്ച നിലയിൽ ആനക്കൊമ്പുകൾ കണ്ടെത്തി. കഴിഞ്ഞ ദിവസം കുറിത്തിക്കുടിയിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ കണ്ടെടുത്തിരുന്നു. ഒമ്പത് കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകളാണ് കണ്ടെത്തിയത്.

ഈ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. ഇതേ തുടർന്നാണ് രണ്ട് ആനക്കൊമ്പുകൾ കൂടി കണ്ടെടുത്തത്. ആവറുകുട്ടി ഭാഗത്തെ വനത്തിൽ നിന്നാണ് ആനക്കൊമ്പ് ശേഖരിച്ചതെന്നായിരുന്നു പ്രതികൾ നൽകിയ മൊഴി.

സംഭവത്തിൽ പുരുഷോത്തമൻ, സതീഷ്, ബാലൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് കൂടുതൽ അന്വേഷണം ആരംഭിച്ചു.