കൊല്ലം: പത്തനാപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മാവേലി സ്റ്റോറിലേക്ക് പാഞ്ഞ് കയറി അപകടം. അപകടത്തിൽ യാത്രക്കാരായ രണ്ടു പേർക്ക് നിസാര പരിക്കേറ്റു. കായംകുളത്ത് നിന്ന് പുനലൂരിലേക്ക് സർവീസ് നടത്തിയ ബസ്സാണ് അപകടത്തിൽ പെട്ടത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പത്തനാപുരം നെടുംപറമ്പിലാണ് സംഭവം.

ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു. അപകട സമയത്ത് 69 പേർ ബസ്സിൽ ഉണ്ടായിരുന്നു. ഉച്ച ഭക്ഷണ ഇടവേളയായതിനാൽ മാവേലി സ്റ്റോറിൽ ആളുകൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ മുൻഭാഗത്തെ ചില്ലുകൾ തകർന്നു. മാവേലി സ്റ്റോറിന്റെ മുൻഭാഗവും ബോർഡും ഉൾപ്പെടെ തകർന്നിട്ടുണ്ട്.