- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനാപുരം നടുകുന്നിൽ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു; രൂപേഷിന്റെ ക്രൂരതയ്ക്ക് കാരണം കുടുംബ വഴക്ക്; അമ്മയും മകളും അപകട നില തരണം ചെയ്തു
കൊല്ലം: പത്തനാപുരം നടുകുന്നിൽ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു ( 27 ), തിരുവനന്തപുരം മെഡിക്കൽ കോളേജിലും മകൾ ആരുഷ്മ (10) എസ് എ ടി ആശുപത്രിയിലും ചികിൽസയിലാണ്. കുടുംബ വഴക്കാണ് കൊലയ്ക്കും ആത്മഹത്യയ്ക്കും കാരണം.
ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം. വാക്കേറ്റത്തിന് പിന്നാലെയാണ് അഞ്ജുവിനെ രൂപേഷ് വാക്കത്തി കൊണ്ട് വെട്ടിയത്. അഞ്ജുവിന് തലയ്ക്ക് പിന്നിൽ പരിക്കേറ്റു. മകൾക്ക് കണ്ണിനാണ് പരിക്കേറ്റത്. അഞ്ജുവിന്റെയും മകളുടെയും നിലവിളി ശബ്ദം കേട്ട് അയൽവാസികൾ വന്നുനോക്കുകയായിരുന്നു. അപ്പോഴാണ് അടുക്കള ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ടത്.
വീടിന് തീപിടിച്ചതാണെന്നാണ് അയൽവാസികൾ ആദ്യം കരുതിയത്. ഉടനെ തീ അണയ്ക്കാൻ ശ്രമിച്ചു. ഫയർഫോഴ്‌സിനെയും വിളിച്ചു. പിന്നാലെയാണ് രൂപേഷ് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് വ്യക്തമായത്. ഉടനെ പുനലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വെട്ടേറ്റ അഞ്ജുവും മകളും അപകടനില തരണം ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറാണ് രൂപേഷ്. പത്തനാപുരം നടുകുന്നിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.



