കൊച്ചി: കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് പാൻഡോറ പേപ്പറിലുള്ള മലയാളികളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. മനോജ് പത്മനാഭൻ, ജോസഫ് ജോബ്, ക്ലീറ്റസ് കുരിശിങ്കൽ എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. കൊച്ചിയിലെ സോഫ്‌റ്റ്‌വെയർ സ്ഥാപനത്തിൽ വ്യാഴാഴ്ച ആദായ നികുതി വകുപ്പ് പരിശോധന നടത്തി.

പാൻഡോറ പേപ്പറുമായി ബന്ധപ്പെട്ട് കേരളത്തിൽ ആദ്യമായാണ് ഒരു കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നത്. 2021ലാണ് അന്താരാഷ്ട്ര തലത്തിലുള്ള പത്രപ്രവർത്തകരുടെ കൂട്ടായ്മ വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നവരുടെ രേഖകൾ പുറത്തുവിടുന്നത്. ധനികരും പ്രശസ്തരുമായ ഭരണാധികാരികളും സിനിമാ, കായിക, രാഷ്ട്രീയ പ്രമുഖരടക്കമുള്ളവരുടെ വിദേശ നിക്ഷേപത്തിന്റെ വിവരങ്ങൾ ആയിരുന്നു പാൻഡോറ പേപ്പറിലൂടെ പുറത്തുവന്നത്.

2021ൽ പുറത്തുവന്ന പാൻഡോറ പേപ്പറിൽ മൂന്ന് മലയാളികളുടെയും പേരുകൾ ഉൾപ്പെട്ടിരുന്നു. ഈ മൂന്നുപേർക്കും ബ്രീട്ടീഷ് വിർജിൻ ഐലൻഡിൽ ഷെൽ കമ്പനികൾ ഉണ്ടെന്നും ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മനോജ് പത്മനാഭന് പീക്കോക് ടെക്നോളജീസ് എന്ന പേരിലും ക്ലീറ്റസ് കുരിശിങ്കലിന് കാറ്റലിസ്റ്റ് ഐടി സൊല്യൂഷൻസ് എന്ന പേരിലും ജോസഫ് ജോബിന് ന്യൂജെൻ ഇൻഫോ സൊല്യൂഷ്യൻസ് എന്ന പേരിലുമാണ് ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ കമ്പനികളുള്ളത്. കൊച്ചിയിലെ സ്പെക്ട്രം സോഫ്റ്റ് ടെക് സൊല്യൂഷ്യൻസിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ക്ലീറ്റസ് കുരിശിങ്കൽ ഈ കമ്പനിയുടെ ഡയറക്ടർ കൂടിയാണ്.

വരുമാനത്തിന്റെ വലിയൊരു ഭാഗം ദുബായിലെ ഒരു ഇൻഫോർമാറ്റിക് സ്ഥാപനത്തിന്റെ മറവിൽ ബ്രിട്ടീഷ് വിർജിൻ ഐലൻഡിലെ ഇവരുടെ കമ്പനികളിലേക്ക് പോയതായി ആദായനികുതി വകുപ്പ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. 2010ലാണ് മനോജ് പത്മനാഭനും ജോസഫ് ജോബും ക്ലീറ്റസും ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ കമ്പനികൾ തുടങ്ങിയതായി പാൻഡോറ രേഖകളിലുള്ളത്.