കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എം.എൽ എയെ തന്റെ ഫെയ്‌സ് ബുക്ക് ലൈവിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തളിപ്പറമ്പ് ഡി.വൈ.എസ്‌പി ഓഫീസിൽ ഹാജരായില്ല. ഹാജരാകണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിലെ അവരുടെ താമസ സ്ഥലത്തെത്തി തളിപ്പറമ്പ് പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഡിസംബർ 22 ന് ഹാജരാവാൻ കഴിയില്ലെന്നാണ് സ്വപ്ന അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ മാസ്റ്റർ എംഎ‍ൽഎയെ അപകീർത്തിപ്പെടുത്തിയതായി കാണിച്ച് സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി നൽകിയ പരാതിയിലാണ് തെളിവെടുപ്പിന് ഹാജരാവാൻ സ്വപ്നയ്ക്കുനോട്ടീസ് നൽകിയിരുന്നത്. ഡിസംബർ 27 ന് ഹാജരാവാമെന്നാണ് സ്വപ്ന ഡി.വൈ.എസ്‌പി ഓഫീസിൽ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.

ഇതിനിടെ എം വിഗോവിന്ദൻ മാസ്റ്റർ കോടതിയിൽ നൽകിയ അപകീർത്തിക്കേസിൽ വിചാരണക്ക് ഹാജരാവാൻ സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കും തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി നാലിന് ഹാജരാവാനാണ് സമൻസ് നൽകിയിട്ടുള്ളത്. സിപിഎം കേന്ദ്രമായ തളിപറമ്പിൽ വിചാരണയ്ക്ക് ഹാജരാവാൻ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി സ്വപ്നാ സുരേഷ് തടസവാദം ഉന്നയിച്ചിരുന്നുവെങ്കിൽ കോടതി പരിഗണിച്ചിരുന്നില്ല.

ഇതേ തുടർന്നാണ് തളിപറമ്പ് ഡിവൈ.എസ്‌പി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചു ശ്രീകണ്ഠാപുരം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ബംഗ്‌ളൂരിലെത്തി സ്വപ്നയ്ക്കു നോട്ടിസ് നൽകിയത്. നാട്ടിൽ കലാപമുണ്ടാക്കാനാണ് സ്വപ്ന സുരേഷ് തന്റെ ഫേസ്‌ബുക്ക് ലൈവിലുടെ മണ്ഡലം എംഎ‍ൽഎയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദനെതിരെ നടത്തിയ പരാമർശത്തിലൂടെ ശ്രമിച്ചതെന്നായിരുന്നു സിപിഎം തളിപറമ്പ് ഏരിയാ സെക്രട്ടറി സന്തോഷ് കുമാർ നൽകിയ പരാതിയിൽ ചൂണ്ടികാട്ടിയിരുന്നത്.