കണ്ണൂർ: തലശേരിയിൽ ബ്‌ളേഡ് സംഘത്തിനെതിരെ പൊലിസ് നടപടി തുടരുന്നു. അനധികൃത പണമിടപാട് നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപ്തി വി വി യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിൽ.

തലശ്ശേരി തിരുവങ്ങാട് ചിറക്കര പള്ളിത്താഴ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ശ്രീശൈലം ചിട്ട് ഫണ്ട്സ് എന്ന സ്ഥാപനത്തിൽ നടത്തിയ റെയ്ഡിലാണ് അനധികൃതമായി പണം പലിശക്ക് നൽകിയതിന്റെ രേഖകളും ബാങ്ക് ചെക്കുകളും ഈടായി വാങ്ങിയ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും പണവും പൊലീസ് കണ്ടെടുത്തത്. സ്ഥാപനത്തിന്റെ ലൈസൻസിന്റെ മറവിൽ അനധികൃത പണമിടപാട് നടത്തിവരികയായിരുന്നു. വടക്കുമ്പാട്, മൂർക്കോത്ത് മുക്കിലെ ശാന്ത ഭവനിൽ കെ.കെസായീശനാ (56) ണ് അറസ്റ്റിലായത്. തുടർന്ന് ഇയാൾക്കെതിരെ മണി ലെൻഡേഴ്‌സ് ആക്ട് പ്രകാരം കേസ് രജിസ്റ്റ്ർ ചെയ്തു.

തലശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപ്തി വി വി, സബ് ഇൻസ്പെക്ടർ സുരേഷ്, എസ് സി പി ഒ നിഹിൽ, സി പി ഒ ഹിരൺ ശ്യാമേഷ് എന്നി പൊലീസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയസംഘത്തിൽ ഉണ്ടായിരുന്നത്. രണ്ടു ദിവസം മുൻപ് തലശേരി തിരുവങ്ങാടും ബ്‌ളേഡ് ഇടപാട് നടത്തിയ സ്ത്രീയുടെ വീട്ടിൽ റെയ്ഡു നടത്തി കണക്കിൽപ്പെടാത്ത പണവും ചെക്ക് ലീഫുകളും രേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു.