- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരളസദസ്സ് പരാജയപ്പെട്ട രാഷ്ട്രീയ ദൗത്യം; ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്തെന്ന് വി എം സുധീരൻ
കോഴിക്കോട്: നവകേരളസദസ്സ് സമ്പൂർണമായി പരാജയപ്പെട്ട രാഷ്ട്രീയ ദൗത്യമാണെന്നും വിവാദങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും മുൻ കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ. ജനങ്ങളുടെ ഒരു പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
യഥാർഥത്തിൽ നവകേരള യാത്ര പരാതികൾ ശേഖരിക്കുന്ന യാത്രയായിരുന്നു. എട്ടു ലക്ഷത്തോളം ഫയലുകൾ തീർപ്പാകാതെ കിടക്കുന്നതായി മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. അതിനു മുകളിലാണ് ലക്ഷക്കണക്കിന് പരാതികളുടെ ശേഖരണം നടന്നതെന്നും സുധീരൻ പറഞ്ഞു. കരുണാകരൻ അനുസ്മരണത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്ര അക്ഷരാർഥത്തിൽ കേരളത്തെ കലാപഭൂമിയാക്കി. അതിന് ഉത്തരവാദി മുഖ്യമന്ത്രി മാത്രമാണ്. നവകേരള സദസ്സിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് കരിങ്കൊടി ഉയർത്തിയ പ്രവർത്തകരെ അടിച്ചമർത്താൻ ഡിവൈഎഫ്ഐ. ക്രമിനലുകളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയാണ്. അതിന് 'രക്ഷാപ്രവർത്തനം' എന്ന ഓമനപ്പേരും ഇട്ടു. നവകേരള സദസിന്റെ പരാജയത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം നടത്തുന്നത്. മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്ന് വീണ്ടും തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷാഭടന്മാർ പ്രതിഷേധക്കാരെ ലാത്തികൊണ്ട് അടിച്ചുവീഴ്‌ത്തുകയാണ്. മോദി ഭരണവും പിണറായി ഭരണവും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാത്ത അവസ്ഥ. കേരളത്തിൽ നടക്കുന്നത് ജനാധിപത്യമല്ല, ഫാസിസ്റ്റ് ശൈലിയിലുള്ള ഭരണമാണെന്നും സുധീരൻ പറഞ്ഞു.




