- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേഴ്സിനുള്ളിൽ പ്രത്യേകം അറകൾ; ന്യൂ ഇയർ ആഘോഷങ്ങൾക്കായി ലഹരി കടത്ത്; ഒന്നിന് വില 5000 രൂപ; 65 എൽഎസ്ഡി സ്റ്റാമ്പുമായി യുവാക്കൾ പിടിയിൽ
കൊച്ചി: മാരകമയക്കുമരുന്നായ എൽ.എസ്.ഡി. സ്റ്റാമ്പുമായി രണ്ടുയുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ പുല്ലൂറ്റ് വലിയകത്തു വീട്ടിൽ നസറുദ്ദീൻ (28), കൊടുങ്ങല്ലൂർ എടവിലങ്ങ് പുതിയ റോഡ് കള്ളിക്കാട്ടു വീട്ടിൽ നിബിൻ (28) എന്നിവരെയാണ് ആലുവ വെസ്റ്റ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന 65 എൽ.എസ്.ഡി. സ്റ്റാമ്പുകൾ കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ''ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ'' പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന രാസലഹരി പിടിച്ചെടുത്തത്.
ഒരു സ്റ്റാമ്പിന് അയ്യായിരത്തിലേറെ രൂപ ഈടാക്കിയാണ് ഇവർ വിൽപ്പന നടത്തുന്നത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള വിൽപ്പനയ്ക്കായാണ് സ്റ്റാമ്പുകൾ എത്തിച്ചിരുന്നത്. പ്രത്യേക പേഴ്സിൽ അറകൾ നിർമ്മിച്ച് അതിനുള്ളിലായിരുന്നു ഇവയെല്ലാം സൂക്ഷിച്ചിരുന്നത്. പൊലീസിനെ കണ്ട് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ പിന്തുടർന്ന പൊലീസ് സംഘം പുറപ്പിള്ളിക്കാവ് റോഡിൽവെച്ച് രണ്ടുപേരെയും പിടികൂടുകയായിരുന്നു. ഇവരുടെ ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു.
എറണാകുളം ജില്ലയിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ എൽ.എസ്.ഡി. സ്റ്റാമ്പ് വേട്ടയാണിതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ സി.കെ. രാജേഷ്, എസ്‌ഐ.മാരായ എം വിഅരുൺ ദേവ്, സന്തോഷ് കുമാർ എഎസ്ഐ.മാരായ അരുൺ കുമാർ, രമേഷ് കുമാർ, മനോജ് കുമാർ, സി.ജി. ബനഡിക്ട് സി.പി.ഒ അബ്ദുൾ സമദ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.




